Oddly News

ടിവി കണ്ടിരുന്ന ദമ്പതികൾക്ക് മുന്നിലേക്ക് പുള്ളിപ്പുലി; കട്ടിലിനടിയില്‍ ഒളിച്ചു, ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി

കർണാടകയിലെ തുമകുരു ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വൈകി പുള്ളിപ്പുലി വീടിനുള്ളിൽ കയറിയത് വലിയ പരിഭ്രാന്തി പരത്തി. വീട്ടുകാർ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് പുലി അകത്തേക്ക് കയറിയത്. ഇതിന് തൊട്ടുമുമ്പ് പുറത്തുകെട്ടിയിട്ടിരുന്ന ഒരു ആട്ടിൻകുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയിരുന്നു. കുനിഗൽ താലൂക്കിലെ ഹുലിയൂർദുർഗയ്ക്ക് സമീപമുള്ള ബന്ദിഗൗഡനപാളയ ഗ്രാമത്തിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഭക്ഷണം തേടി ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ പുലി ചിക്കമാരിയപ്പയുടെയും ഭാര്യ നരസമ്മയുടെയും വീട്ടിലേക്കാണ് കയറിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും ഈ പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ഇത് നാട്ടുകാരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രി വീടിന് പുറത്ത് കെട്ടിയിരുന്ന ആട്ടിൻകുട്ടിയെ ആക്രമിച്ച് കടിച്ചെടുത്ത ശേഷമാണ് പുലി ചിക്കമാരിയപ്പയുടെ വീട്ടിലേക്ക് കയറിയത്.

ദമ്പതികൾ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പുലി പെട്ടെന്ന് അകത്തേക്ക് കയറുകയായിരുന്നു. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ നരസമ്മ ഉടൻ തന്നെ പുറത്തേക്ക് ഓടി വാതിലടച്ചതിനാൽ വലിയൊരു അപകടത്തിൽ നിന്നും ഇരുവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതോടെ വീടിനുള്ളിൽ കുടുങ്ങിയ പുലി ഒരു കട്ടിലിനടിയിൽ ഒളിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. എന്നാൽ, വീടിനുള്ളിൽ ഒളിച്ചിരുന്ന പുലിയെ കണ്ടെത്തി സുരക്ഷിതമായി വലയിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ബന്നാർഘട്ടയിൽ നിന്നുള്ള അനസ്തേഷ്യ വിദഗ്ധൻ കിരൺ ഉൾപ്പെടെയുള്ള വിദഗ്ധ സംഘവും പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

ഏകദേശം ആറ് മണിക്കൂർ നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ വനംവകുപ്പ് സംഘം പുലിയെ മയക്കുവെടി വെച്ച് സുരക്ഷിതമായി പിടികൂടി. ഗ്രാമത്തിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന പുലിയെ പിടികൂടാനായത് നാട്ടുകാർക്ക് വലിയ ആശ്വാസമായി. എങ്കിലും, ജനവാസ മേഖലകളിൽ പുള്ളിപ്പുലികൾ ഇറങ്ങുന്നതും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെയുണ്ടാകുന്ന ഭീഷണിയും ഗ്രാമവാസികളിൽ വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.