Crime

കാവലിന് മുന്തിയ ഇനം നായ്ക്കൾ, വളഞ്ഞ സംഘത്തെ തോക്കിൻമുനയിൽ നിർത്തി തൃശൂർ പൊലീസ്, തിരുപ്പൂരിലെ ലഹരിമാഫിയയെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ

കൊടുങ്ങല്ലൂര്‍: രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ അംഗങ്ങളായ രണ്ട് നൈജീരിയന്‍ സ്വദേശികളെയും ഒരു നാഗാലാന്‍ഡ് സ്വദേശിനിയെയും തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി. നൈജീരിയന്‍ പൗരന്മാരായ കിങ്‌സ്ലി വി. ഗോചുക്വു (43), അമോസ് ഇകെച്ചുകന്‍ (43), നാഗാലാന്‍ഡ് സ്വദേശിനി ടി. സെന്‍സലി കിക്കോന്‍ (49) എന്നിവരാണ് അറസ്റ്റിലായത്.

കൈപ്പമംഗലം ചളിങ്ങാടുനിന്ന് 34.390 ഗ്രാം എം.ഡി.എം.എയുമായി അന്തര്‍സംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ പെരിഞ്ഞനം സ്വദേശികളായ കുളങ്ങരവീട്ടില്‍ മിന്‍ഷാദ് (33), പനപറമ്പില്‍ വീട്ടില്‍ ഷജില്‍ (33) എന്നിവരെ തൃശൂര്‍ റൂറല്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന മുഖ്യകണ്ണികളെ കണ്ടെത്താന്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്റെ നിര്‍ദേശപ്രകാരം റൂറല്‍ എസ്.പി. മുഹമ്മദ് നദീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. ആര്‍. രതീഷ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പ്രദീപ് എന്നിവര്‍ക്കായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടം.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘമാണ് മിന്‍ഷാദിനും ഷജിലിനും എം.ഡി.എം.എ നല്‍കിയതെന്ന് വ്യക്തമായത്. വസ്ത്രവ്യാപാരത്തിന്റെ മറവിലായിരുന്നു ഇവരുടെ രാസലഹരി നിര്‍മാണവും വിതരണവും. പിടിയിലായ നൈജീരിയന്‍ സ്വദേശി കിങ്‌സ്ലി, വിദേശത്തേക്കും തിരിച്ചും വസ്ത്രങ്ങള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന സ്ഥാപനം തിരുപ്പൂരില്‍ നടത്തിവരികയായിരുന്നു.

തിരുപ്പൂരിലെ ഇടുവായ് പാളയത്ത് പ്രതികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് അവിടെയെത്തിയത്. നൈജീരിയന്‍ പൗരന്മാര്‍ കൂട്ടമായി താമസിക്കുന്നതും കാവലിനായി മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നതുമായ മേഖലയിലായിരുന്നു ഇവരുടെ ഒളിത്താവളം. പോലീസ് എത്തിയതറിഞ്ഞ പ്രതികള്‍ കൈവശമുണ്ടായിരുന്ന ലഹരിമരുന്നും നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞു. മുറിയുടെ ജനല്‍ തകര്‍ത്താണ് അന്വേഷണ സംഘം ഉള്ളില്‍ കടന്നത്. അക്രമാസക്തരായ പ്രതികളെ കീഴടക്കുന്നതിനിടെ, ഇവരെ രക്ഷിക്കാനായി പ്രദേശവാസികളായ മറ്റു നൈജീരിയന്‍ സ്വദേശികള്‍ പോലീസിനെ വളഞ്ഞു. ഇവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് സംഘം പ്രതികളുമായി അവിടെനിന്ന് രക്ഷപ്പെട്ടത്.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. ആര്‍. രതീഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എസ്. പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പത്തംഗ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കൈപ്പമംഗലം സി.ഐ. വി.വി. വിമല്‍, ഡാന്‍സാഫ് എസ്.ഐമാരായ സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, എം. സതീശന്‍, ടി.ആര്‍. ഷൈന്‍, എ.എസ്.ഐമാരായ വി.യു. സില്‍ജോ, എ.യു. റെജി, ജി.എസ്.സി.പി.ഒമാരായ സി.കെ. ബിജു, പി. എക്സ്. സോണി, കെ. ജെഷിന്റോ, സി.പി.ഒമാരായ എ.ബി. നിഷാന്ത്, സുര്‍ജിത് സാഗര്‍, കെ.എസ്. ചിത്തിര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.