മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്): ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാർക്കുണ്ടായ തകർച്ചയെക്കുറിച്ച് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നടത്തിയ അഭിപ്രായത്തോട് വിയോജിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ന്യൂസീലൻഡിലെ സാഹചര്യങ്ങളെ അടുത്ത ഏകദിന ലോകകപ്പ് വേദിയായ ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളുടെയും ബോളർമാരാണ് മികച്ചുനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാം ഏകദിനത്തിൽ ഇന്ത്യ 89 റൺസിന് ഓൾഔട്ടായതിന് പിന്നാലെ, ബാറ്റർമാരുടെ മോശം പ്രകടനത്തിൽ ആശങ്കയുണ്ടെന്ന് ഗംഭീർ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോകകപ്പിന് സമാനമായ സാഹചര്യങ്ങളാണ് ന്യൂസീലൻഡിലേതെന്നായിരുന്നു ഗംഭീറിന്റെ വിലയിരുത്തൽ. എന്നാൽ, 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിനുള്ള മുന്നൊരുക്കമായി ഈ പരമ്പരയെ കാണുന്നില്ലെന്ന് ശ്രേയസ് മറുപടി നൽകി. അഞ്ചാം ഏകദിനം ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
നമ്മൾ ഇപ്പോൾ ന്യൂസീലൻഡിലാണുള്ളതെന്നും ഇവിടുത്തെ സാഹചര്യങ്ങളും കാലാവസ്ഥയും ദക്ഷിണാഫ്രിക്കയിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അയ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോളർമാർക്ക് അനുകൂലമായ പിച്ചിൽ ഇരു ടീമുകളുടെയും ബാറ്റർമാർക്ക് തിളങ്ങാനായില്ലെന്നും, എന്നാൽ ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും ബോളർമാർ സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പര വിജയിക്കുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അത് നേടിക്കഴിഞ്ഞതിനാൽ മറ്റു കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശുഭ്മൻ ഗില്ലിന്റെ അഭാവത്തിൽ ടീമിനെ നയിച്ച ശ്രേയസ്സിന് പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാനായിരുന്നില്ല. ഇതോടെ ഷോർട്ട് ബോളുകൾ കളിക്കുന്നതിലെ അദ്ദേഹത്തിന്റെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. വിദേശ പര്യടനങ്ങളിൽ സന്ദർശക ടീമുകൾക്ക് സെൻട്രൽ വിക്കറ്റിൽ പരിശീലനം നടത്താൻ അവസരം ലഭിക്കാത്തത് ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അയ്യർ പറഞ്ഞു.
വിദേശത്ത് ഓപ്പൺ നെറ്റ്സിലാണ് പരിശീലനം നടത്തുന്നതെന്നും, അതിനാൽ പന്ത് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയാറില്ലെന്നും അയ്യർ വിശദീകരിച്ചു. ഇന്ത്യയിൽ പരിശീലനം നടത്തുമ്പോൾ പന്തിന്റെ ഗതി കൃത്യമായി അറിയാൻ സാധിക്കും. കൂടാതെ, തുടർച്ചയായ മത്സരങ്ങളും യാത്രകളും പരിശീലനവും താരങ്ങൾക്ക് ശാരീരികവും മാനസികവുമായ ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും, തങ്ങളും യന്ത്രങ്ങളല്ല മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിനത്തിലും ട്വന്റി20യിലും ടീമിനെ നയിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ക്യാപ്റ്റൻ സ്ഥാനത്ത് പരിചയസമ്പത്തുണ്ടെങ്കിലും 50 ഓവറും മനസ്സ് സജീവമായി നിലനിർത്തേണ്ടതിനാൽ ഏകദിന ക്യാപ്റ്റൻസി കൂടുതൽ വെല്ലുവിളി നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതുമാണെന്ന് അയ്യർ പറഞ്ഞു. കളിയുടെ വേഗത കുറയുന്ന ഘട്ടങ്ങളിൽ ഗതി എങ്ങനെ വിലയിരുത്താമെന്ന് ഇത്തരം മത്സരങ്ങളിലൂടെയാണ് പഠിക്കുന്നതെന്നും, സമ്മിശ്ര അനുഭവങ്ങൾക്കൊടുവിൽ പരമ്പര നേടാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ തോൽവിയിൽ നിന്ന് ടീം വേഗത്തിൽ തിരിച്ചുവന്നതായും അയ്യർ പറഞ്ഞു. ആ തോൽവിക്ക് തൊട്ടടുത്ത ദിവസം തന്നെ ടീം ആ മത്സരത്തെക്കുറിച്ച് മറന്നുവെന്നും, അപൂർവമായി സംഭവിക്കുന്ന ഒരു മോശം ദിവസമായി മാത്രമേ അതിനെ കണ്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അതിവേഗത്തിലും മൂർച്ചയോടെയും പന്തെറിഞ്ഞ മാറ്റ് ഹെൻറിയുടെ മികച്ച പ്രകടനത്തിന് അർഹിക്കുന്ന അംഗീകാരം നൽകണമെന്നും അയ്യർ കൂട്ടിച്ചേർത്തു.
പരമ്പരയിലെ അവസാന മത്സരത്തിൽ മാത്രം അവസരം ലഭിച്ച മുഹമ്മദ് സിറാജ് മികച്ച പ്രകടനത്തിലൂടെ അത് മുതലെടുത്തു. സിറാജിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച അയ്യർ, ഒന്നിനെയും ഭയക്കാതെ ഏതു പോരാട്ടത്തിനും മുന്നിട്ടിറങ്ങുന്ന യുദ്ധക്കളത്തിലെ കുതിരയെപ്പോലെയാണ് അദ്ദേഹമെന്ന് വിശേഷിപ്പിച്ചു. മുൻ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും, അവസരം ലഭിച്ചപ്പോൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ സിറാജിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.




