Oddly News

സന്യാസിയെ ലഹരിക്കേസിൽ കുടുക്കാൻ കഞ്ചാവ് ഒളിപ്പിക്കുന്ന ASI; പൊലീസിന്റെ കള്ളക്കളി പുറത്താക്കി വൈറൽ വീഡിയോ

ഒരു മയക്കുമരുന്ന് കേസിൽ മതനേതാവിനെ കുടുക്കാൻ പോലീസ് നടത്തിയ രഹസ്യനീക്കം ക്യാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. നടക്കേണ്ട നാടകങ്ങളെല്ലാം കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നുവെങ്കിലും ഈ ക്യാമറ ദൃശ്യങ്ങൾ പോലീസിന്റെ പ്ലാൻ മുഴുവൻ പൊളിച്ചു. ഹെറോയിൻ കിടക്കക്കടിയിൽ ഒളിപ്പിച്ചുവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബ് പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ലുധിയാന ജില്ലയിലെ ഖന്ന പോലീസിന്റെ നടപടിയെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

ഖന്ന എസ്എസ്പി ഡോ. ദർപൺ അലൂവാലിയ, എഎസ്ഐ സുഖ്ദേവ് സിംഗിനെ സസ്പെൻഡ് ചെയ്യുകയും കേസിന്റെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. റെയ്ഡിന് ശേഷം മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ മഹന്ത് കാശ്മീർ ഗിരിയെ കേസിൽ നിന്ന് ഒഴിവാക്കി വിട്ടയച്ചു.

ഖന്ന നഗരത്തിലെ മഹന്ത് കാശ്മീർ ഗിരിയുടെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഗിരിയുടെ ഡ്രൈവർ ഗുർജന്ത് സിംഗ് എന്ന ജനതയെ 7.5 ഗ്രാം ഹെറോയിനുമായി പിടികൂടിയ ശേഷമാണ് റെയ്ഡ് നടത്തിയത് എന്നാണ് പോലീസ് വാദിച്ചത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മഹന്ത് കാശ്മീർ ഗിരിയുടെ പങ്കിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതെന്നും ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വസതിയിൽ തിരച്ചിൽ നടത്താൻ എത്തിയതെന്നുമാണ് പോലീസ് പറഞ്ഞത്. റെയ്ഡിനിടെ കിടക്കയ്ക്ക് താഴെ നിന്ന് 30 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായും മയക്കുമരുന്ന് കടത്ത് കേസിൽ മഹന്തിനെ അറസ്റ്റ് ചെയ്തതായും പോലീസ് അവകാശപ്പെട്ടിരുന്നു.

എന്നാൽ, കുടുബം വീട്ടിൽ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറയിലെ ദൃശ്യങ്ങളാണ് പോലീസിന്റെ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചത്. പോലീസ് സംഘം എത്തുന്നതിന് മുൻപ് സിവിൽ വസ്ത്രത്തിലെത്തിയ എഎസ്ഐ സുഖ്ദേവ് സിംഗ് മുറിയിലേക്ക് കടക്കുന്നതും കിടക്കയ്ക്ക് അടിയിൽ ഒരു പാക്കറ്റ് വെക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. തൊട്ടുപിന്നാലെ മഹന്ത് കാശ്മീർ ഗിരിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥർ മുറിയിലേക്ക് വരികയും, എഎസ്ഐ പാക്കറ്റ് വെച്ച സ്ഥലത്തുനിന്ന് തന്നെ മയക്കുമരുന്ന് കണ്ടെടുത്തതായി അഭിനയിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ, സസ്പെൻഡ് ചെയ്യപ്പെട്ട എഎസ്ഐയുടെ പങ്ക്, മയക്കുമരുന്ന് കണ്ടെടുത്ത സാഹചര്യങ്ങൾ, റെയ്ഡിൽ പങ്കെടുത്ത മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ എസ്ഐടി അന്വേഷിക്കും.