Travel

വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ, എങ്കിലും രാജധാനി ഫസ്റ്റ് എസി തിരഞ്ഞെടുത്തു! ലാഭമോ നഷ്ടമോ? വൈറലായി വീഡിയോ

വിമാനയാത്ര ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിക്കുമെങ്കിലും ചില യാത്രക്കാർക്ക് യാത്ര തന്നെയാണ് ഏറ്റവും പ്രധാനം. മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള മുംബൈ രാജധാനി എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിലെ യാത്രയും, അതിൽ ലഭിച്ച ഭക്ഷണവും സൗകര്യങ്ങളും പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം ഉപയോക്താവായ @malhar_31 പങ്കുവെച്ച വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഭക്ഷണ നിരക്ക് ഉൾപ്പെടെ 5,300 രൂപയോളമാണ് ടിക്കറ്റിനായി ഇയാൾ നൽകിയത്. ഫസ്റ്റ് എസി ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വിമാന ടിക്കറ്റ് ലഭിക്കുമെങ്കിലും, തീവണ്ടി യാത്ര ആസ്വദിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് വീഡിയോയുടെ തുടക്കത്തിൽ ഇയാൾ പറയുന്നു. 12951 മുംബൈ രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് എസി ക്ലാസിലായിരുന്നു യാത്ര.

തീവണ്ടിയിൽ കയറിയ ഉടൻ ഒരു കുപ്പി കുടിവെള്ളം നൽകി. ഫസ്റ്റ് എസിയിൽ മികച്ച ശുചിമുറി സൗകര്യങ്ങൾ ഉണ്ടെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു. വണ്ടി പുറപ്പെട്ടതിന് പിന്നാലെ വൈകുന്നേരത്തെ ലഘുഭക്ഷണ വിതരണം ആരംഭിച്ചു. പാൻട്രി കാറിൽ തത്സമയം തയ്യാറാക്കിയ ചൂടുള്ള ചായയും പലഹാരങ്ങളുമാണ് നൽകിയത്. 130 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന തീവണ്ടിയുടെ ഫസ്റ്റ് എസി ഗാലറിയിലൂടെ നടന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

ഭക്ഷണമായിരുന്നു വീഡിയോയുടെ പ്രധാന ആകർഷണം. ലഘുഭക്ഷണത്തിന് ശേഷം അത്താഴത്തിന്റെ ഭാഗമായി നൽകിയ ചൂടുള്ള സൂപ്പ് ഇയാൾക്ക് വളരെ ഇഷ്ടപ്പെട്ടു. തുടർന്ന് സസ്യഭക്ഷണവും, ഓർഡർ ചെയ്ത് വാങ്ങിയ

കോണ്ടിനെന്റൽ വിഭവങ്ങളും ഇയാൾ കഴിക്കുകയും അത് വളരെ സ്വാദിഷ്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷം ഐസ്ക്രീമും നൽകി. വടോദ്ര ജംഗ്ഷനിൽ എത്തിയപ്പോൾ ഇയാൾ ബെർത്ത് ശരിയാക്കി ഉറങ്ങാൻ കിടന്നു.

രാവിലെ 6:30 ഓടെ പ്രഭാത ചായ എത്തിയപ്പോഴാണ് ഇയാൾ ഉണർന്നത്. യാത്രക്കാർ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ഭക്ഷണവും പാനീയങ്ങളും തയ്യാറായിട്ടുണ്ടാകുമെന്ന് ഇയാൾ തമാശയോടെ പറഞ്ഞു. ചൂടുള്ള കോൺഫ്ലേക്സോടെയാണ് പ്രഭാതഭക്ഷണം ആരംഭിച്ചത്. തുടർന്ന് ഉപ്പുമാവ്, പോഹ, വെജിറ്റബിൾ കട്ലറ്റ് എന്നിവയും നൽകി. വിഭവ സമൃദ്ധമായ ഈ ഭക്ഷണം കണ്ട്, “ഇത് വെറുമൊരു പ്രഭാതഭക്ഷണമല്ല, ഒരു ബ്രഞ്ച് തന്നെയാണ്” എന്ന് ഇയാൾ അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഒരു തവണ കൂടി ചായ നൽകി. മുംബൈ രാജധാനി എക്സ്പ്രസ് കൃത്യസമയത്ത് അതായത് രാവിലെ 8:35-ന് തന്നെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. റെയിൽവേ പ്രേമികളും ഈ തീവണ്ടിയിൽ യാത്ര ചെയ്തവരും വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങൾ നൽകി. “മികച്ച ഭക്ഷണം”, “യാത്രയുടെ യഥാർത്ഥ സുഖം ട്രെയിനിൽ തന്നെയാണ്” എന്നൊക്കെ ആളുകൾ കമന്റ് ചെയ്തു. “കഴിഞ്ഞ മാസം ഇതിൽ യാത്ര ചെയ്തിരുന്നു, മികച്ച അനുഭവമായിരുന്നു” എന്നും “5 സ്റ്റാർ അനുഭവമാണ് ലഭിച്ചത്” എന്നും മറ്റ് ചിലർ കുറിച്ചു. നൽകിയ പണത്തിന് കൃത്യമായ മൂല്യം ലഭിച്ചുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ട്രെയിനിൽ തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റു ചിലരും പറഞ്ഞു.

എന്നാൽ എല്ലാവരും ഇതിനോട് യോജിച്ചില്ല. വിമാനത്തിൽ വേഗത്തിൽ എത്താമെന്നിരിക്കെ എന്തിനാണ് ഇത്രയും സമയം ട്രെയിനിൽ ചിലവഴിക്കുന്നത് എന്ന് ചിലർ ചോദ്യമുയർത്തി. വിമാനത്തിലും ഭക്ഷണവും മികച്ച കാഴ്ചകളും ലഭിക്കുമെന്നും, മൂന്ന് കോഴ്‌സ് ഭക്ഷണം കഴിച്ച് തീരുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താല്ലോ എന്നും ചിലർ പരിഹസിച്ചു. എങ്കിലും എയർപോർട്ടുകളിലെ പരിശോധനകളും യാത്രയ്ക്കെടുക്കുന്ന അധിക സമയവും കണക്കിലെടുക്കുമ്പോൾ ട്രെയിൻ യാത്ര തന്നെയാണ് നല്ലതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.