രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിൽ പ്രവർത്തിക്കുന്ന ‘ഹബീബിയ ഇസ്ലാമിക് അക്കാദമി’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രോഗബാധിതയായ കുട്ടിയെ പ്രാർഥനയ്ക്കായി ഒരു അടുത്ത ബന്ധുവാണ് ഓച്ചിറയിലുള്ള ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്. തുടർച്ചയായ പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും രോഗം പൂർണ്ണമായി മാറ്റാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച പ്രതി, തുടർന്ന് പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിപ്പിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിൽ കൊണ്ടുപോയും ഇയാൾ കുട്ടിയെ ചൂഷണം ചെയ്തു.
പെൺകുട്ടി ത നേരിട്ട പീഡനവിവരം ബന്ധുക്കളോട് തുറന്നുപറഞ്ഞതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, സ്ഥാപനത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള പ്രശസ്തനായ വ്ലോഗർ കൂടിയാണ് ഇയാൾ.




