വാരാണസിയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് ട്രെയിനിൽ പോയ യുവാവിന് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത് അമ്പരപ്പിക്കുന്ന അനുഭവം. ബുക്ക് ചെയ്തപ്പോൾ ഉറപ്പായ സീറ്റ് തേടി രാത്രി മുഴുവൻ അലഞ്ഞെങ്കിലും അങ്ങനെയൊരു ബെർത്ത് കണ്ടെത്താൻ യുവാവിന് കഴിഞ്ഞില്ല. 54-ാം നമ്പർ ബെർത്താണ് യുവാവിന് നൽകിയത്. എന്നാൽ ആ കോച്ചിൽ ആകെയുണ്ടായിരുന്നത് 52 സീറ്റുകൾ മാത്രമായിരുന്നു.
ഇഷാൻ ബാജ്പേയ് എന്ന യാത്രക്കാരനാണ് തനിക്കുണ്ടായ ഈ കഷ്ടപ്പാട് എക്സിലൂടെ പുറത്തുവിട്ടത്. തനിക്ക് അനുവദിച്ച സീറ്റ് തിരഞ്ഞ് കോച്ചിൽ കയറുന്നതും അവിടുത്തെ ബെർത്തുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതും അദ്ദേഹം പങ്കുവച്ച വിഡിയോയിൽ കാണാം.
രാത്രി മുഴുവൻ നീളുന്ന യാത്രയ്ക്കായി എ1 കോച്ചിലെ 54-ാം നമ്പർ സീറ്റാണ് ഇഷാന് ലഭിച്ചത്. ബെർത്ത് ഇല്ലാത്തതിനാൽ രാത്രി യാത്രയിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെ ഇഷാൻ വലഞ്ഞു. രാത്രി 10:45-ഓടെയാണ് ഈ സംഭവം നടന്നത്. റെയിൽവേ ഹെൽപ്പ്ലൈനായ 139-ൽ വിളിച്ച് പരാതിപ്പെട്ടതായി ഇഷാൻ അറിയിച്ചു. ടിക്കറ്റിന്റെ വിവരങ്ങളും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇഷാന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വേണ്ട നടപടികൾ എടുക്കാൻ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായി റെയിൽവേ അറിയിച്ചു.




