Featured Spotlight

എസ്ഐയുടെ സ്ഥലം മാറ്റം സ്റ്റേഷനിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് വനിത കോൺസ്റ്റബിള്‍

മുംബൈ: മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയത് വനിതാ കോൺസ്റ്റബിൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. സ്റ്റേഷൻ വളപ്പിൽ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അവിടെയുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സീനിയർ ഇൻസ്പെക്ടർ ഉമേഷ് മച്ചിന്ദറിനെ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം, ഈ വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയെ തുടർന്നാണ് ഇൻസ്പെക്ടർക്കെതിരെ സ്ഥലംമാറ്റ നടപടിയുണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റുമെന്നും വനിതാ കോൺസ്റ്റബിൾ നേരത്തെ മച്ചിന്ദറെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവർത്തകർ ആരോപിക്കുന്നു. സ്റ്റേഷനിലുള്ള ആർക്കും ഇവരെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഔദ്യോഗിക ചുമതലകളിൽ നിന്നും സുരക്ഷാ ഡ്യൂട്ടികളിൽ നിന്നും ഇവർ പതിവായി ഒഴിഞ്ഞുമാറിയിരുന്നതായി ഒരു ഉദ്യോഗസ്ഥൻ ആരോപിച്ചു. ജോലികൾ ഏൽപ്പിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, ഭർത്താവ് ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സഹപ്രവർത്തകരെ വിരട്ടുകയുമായിരുന്നു ഇവരുടെ രീതിയെന്നും പറയുന്നു.

നവംബർ 13-ന് ചേർന്ന പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് മച്ചിന്ദറുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. പൊതുതാൽപ്പര്യം, ക്രമസമാധാന പാലനം, ഭരണപരമായ ആവശ്യകതകൾ എന്നിവയാണ് സ്ഥലംമാറ്റത്തിന് കാരണമായി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായ ഈ സ്ഥലംമാറ്റത്തിന് പിന്നിലെ കൃത്യമായ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വനിതാ കോൺസ്റ്റബിൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെത്തുടർന്ന് വകുപ്പുതല അന്വേഷണം പോലും നടത്താതെയാണ് ഈ നടപടിയെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആരോപണം.

തന്നെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്ന് ഉമേഷ് മച്ചിന്ദർ വ്യാഴാഴ്ച പ്രതികരിച്ചു. ഡ്യൂട്ടി നൽകിയതിന്റെ പേരിൽ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നതായും, അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെ വകുപ്പുതല അന്വേഷണമില്ലാതെയാണ് തന്നെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.