Oddly News

തത്തമ്മയെ വളര്‍ത്താന്‍ ജോലി ഉപേക്ഷിച്ചു, ഒടുവിൽ കിളി പറന്നു പോയി! കണ്ടെത്താൻ 1 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം

ഗുജറാത്തിലെ വഡോദരയിൽ നിന്ന് കാണാതായ ‘ലഡ്ഡു’ എന്ന ആറ് മാസം പ്രായമുള്ള ആഫ്രിക്കൻ ഗ്രേ തത്തയെ കണ്ടെത്താൻ കുടുംബത്തിന്റെ നെട്ടോട്ടം. ഒക്ടോബർ 31-ന് വൈകുന്നേരം സെവാസി റോഡിലെ ഐസ്‌കോൺ ഹൈറ്റ്‌സിലുള്ള വസതിയിൽ നിന്നാണ് തത്ത പറന്നുപോയത്. നാല് ദിവസമായി തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും തത്തയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിനെ കണ്ടെത്തി നൽകുന്നവർക്ക് കുടുംബം ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

തത്തയെ കാണാതായ സങ്കടത്തിൽ ഉടമയായ ജെസ്സിക്ക പരീഖ് നാല് ദിവസമായി ആഹാരം പോലും കഴിച്ചിട്ടില്ല. ലഡ്ഡു തങ്ങൾക്ക് വെറുമൊരു വളർത്തുമൃഗമല്ലെന്നും സ്വന്തം കുട്ടിയെപ്പോലെയാണെന്നും ജെസ്സിക്ക പറയുന്നു. വൈകുന്നേരം കൂട് തുറന്നപ്പോൾ പ്രധാന വാതിലിലൂടെയാണ് തത്ത പുറത്തേക്ക് പറന്നത്. സെവാസി, ഗോത്രി, ഭായ്‌ലി തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം കുടുംബം തിരച്ചിൽ നടത്തി. തത്തയുടെ ശബ്ദരേഖകൾ സ്പീക്കറിൽ പ്ലേ ചെയ്തും, വിസിലടിച്ചും, ശബ്ദം അനുകരിച്ചുമാണ് ഇവർ തിരച്ചിൽ തുടരുന്നത്.

ശബ്ദമുണ്ടാക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി വിജനമായ സ്ഥലങ്ങളിലോ പുഴയ്ക്കോ തടാകത്തിനോ സമീപത്തോ തത്ത ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. നാല് മാസം മുൻപാണ് പൂനെയിലെ ഒരു ബ്രീഡറിൽ നിന്ന് മുംബൈ വഴി ഇവർ ലഡ്ഡുവിനെ വാങ്ങിയത്. തത്തയെ പരിചരിക്കാനായി ജെസ്സിക്ക തന്റെ അധ്യാപിക ജോലി പോലും ഉപേക്ഷിച്ചിരുന്നു. അപരിചിതരുടെ മുന്നിൽ നാണക്കാരനായ ലഡ്ഡു വിസിലടിക്കുമ്പോൾ വേഗത്തിൽ പ്രതികരിക്കുമായിരുന്നു.

കണ്ണിന് സമീപമുള്ള ചെറിയ പാട്, കൊക്കിലെ വരമ്പ്, ലൈസൻസ് നമ്പറുള്ള ലെഗ് റിംഗ് എന്നിവയാണ് തത്തയെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങൾ. ആളുകൾ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തെ കളിയാക്കാറുണ്ടെങ്കിലും ആ വൈകാരിക ബന്ധം അനുഭവിച്ചവർക്ക് മാത്രമേ ഈ വേദന മനസ്സിലാകൂ എന്ന് ജെസ്സിക്ക പറയുന്നു. കാണാതാവുന്ന വളർത്തുമൃഗങ്ങളെ കണ്ടെത്താൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് സർക്കാർ നിർമ്മിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. ലഡ്ഡുവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.