ലക്നൗവിലെ ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽനിന്നും യുവതി ആഭരണങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂക്കുത്തിയും വെള്ളി കുടയുമാണ് യുവതി കവർന്നത്. ഇതിനുപുറമേ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും കാണാതായിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ലക്നൗവിലെ സാദത്ഗഞ്ചിലുള്ള ചൗപതിയ പ്രദേശത്തെ ചാർ ധാം ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.
വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് അജ്ഞാതയായ യുവതി ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽനിന്ന് ആഭരണങ്ങൾ അഴിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മണിയടിച്ച് വിഗ്രഹത്തെ വണങ്ങുന്നതും പ്രസാദം എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഗ്രഹത്തിന്റെ മുന്നിലുള്ള വേലിക്കെട്ട് ചാടിക്കടന്ന് വെള്ളി കുടയും മൂക്കുത്തിയും വിഗ്രഹത്തിൽനിന്ന് യുവതി കൈക്കലാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസിടിവിയിലെ സമയം ആധാരമാക്കിയാണ് മോഷണം നടന്ന സമയം പൊലീസ് സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ സ്ത്രീക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




