Celebrity

ഇംഗ്ലീഷ് പറഞ്ഞതിന് ഭർത്താവിന്റെ ചീത്തവിളി; യശോദയെ തേടിയെത്തി പ്രിയങ്ക ചോപ്രയുടെ സർപ്രൈസ്! വീഡിയോ

‘ഇംഗ്ലീഷ് വിത്ത് ദേഹാതി മാഡം’ എന്ന പേരിലൂടെ പ്രശസ്തയായ ഉത്തർപ്രദേശ് സ്വദേശി യശോദ ലോധിയെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യശോദയുടെ ഒരു വീഡിയോ പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതോടെയാണ് ഈ ഗ്രാമീണ ഇംഗ്ലീഷ് അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ യശോദ സോഷ്യൽ മീഡിയയിൽ തരംഗമായത്.

പാടത്ത് പണി ചെയ്തുകൊണ്ട് വീഡിയോ എടുത്തതിന് ഭർത്താവ് ശകാരിച്ചുവെങ്കിലും യശോദ ആ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷമാണ് അപ്രതീക്ഷിതമായി പ്രിയങ്ക ചോപ്ര ഈ വീഡിയോ പങ്കുവെച്ചത്. തനിക്ക് ഇതൊരു പ്രത്യേക നിമിഷമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും വ്യക്തമാക്കി യശോദ പ്രിയങ്കയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോയും പങ്കുവെച്ചു. ഈ സംഭവത്തിനു ശേഷം യശോദയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 5.83 ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബിൽ 4 ലക്ഷത്തിലധികം സബ്‌സ്ക്രൈബർമാരും യശോദയ്ക്കുണ്ട്.

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാലും സിനിമാതാരങ്ങളെ കുറിച്ച് വലിയ അറിവില്ലാത്തതിനാലും പ്രമുഖർ തന്റെ വീഡിയോ കാണുന്നത് തുടക്കത്തിൽ മനസ്സിലായിരുന്നില്ലെന്ന് യശോദ പറഞ്ഞു. പ്രിയങ്കയെ കൂടാതെ നടി മൃണാൾ താക്കൂർ, നടന്മാരായ അഭയ് ഡിയോൾ, ആർ. മാധവൻ എന്നിവരും യശോദയുടെ വീഡിയോകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച യശോദ, ഗ്രാമീണ മേഖലയിലുള്ളവർക്കും ഹിന്ദി സംസാരിക്കുന്നവർക്കും ലളിതമായ രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലനം നൽകുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായത്.