Spotlight

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം: വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീം കോടതി, ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. ആരോപണവിധേയരായവരുടെ വാദം കേൾക്കേണ്ടതുണ്ടെന്ന പിണറായി വിജയന്റെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. അവധിക്കു ശേഷമേ കേസ് വീണ്ടും പരിഗണിക്കൂ എന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് അടിയന്തരമായി ഇന്ന് ലിസ്റ്റ് ചെയ്തത്.

വിജിലൻസ് കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപ് തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കൈമാറുന്ന വിവരങ്ങളിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വെളിവാകുന്നുണ്ടെങ്കിൽ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുക്കാമെന്ന് ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആരോപണവിധേയരെ അറിയിക്കേണ്ടതില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.