Good News

20-ാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു; പടക്കം വിറ്റ ചെറുപ്പക്കാരൻ കെട്ടിപ്പടുത്തത് 15 കോടിയുടെ ഐസ്‌ക്രീം സാമ്രാജ്യം!

ഒരുകാലത്ത് പടക്കങ്ങളും റെയിൻകോട്ടുകളും വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ഒരാൾ, പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ഐസ്ക്രീം ബ്രാൻഡുകളിൽ ഒന്ന് കെട്ടിപ്പടുത്ത കഥയാണ് മംഗളൂരുവിലെ പ്രഭാകർ കാമത്തിന്റേത്. തന്റെ ഇരുപതാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെയാണ് കർണാടക സ്വദേശിയായ പ്രഭാകർ കാമത്തിന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. തയ്യൽ സാധനങ്ങളും റെയിൻകോട്ടുകളും സീസൺ സമയങ്ങളിൽ പടക്കങ്ങളും വിറ്റാണ് അദ്ദേഹം തുടക്കത്തിൽ കുടുംബം പുലർത്തിയത്. എന്നാൽ വർഷം മുഴുവൻ ആവശ്യക്കാരുള്ള ഒരു ബിസിനസ്സ് ആരംഭിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.

അങ്ങനെയാണ് അദ്ദേഹം ഐസ്ക്രീം ബിസിനസ്സിലേക്ക് തിരിയുന്നത്. എന്നാൽ തുടക്കത്തിൽ ആവശ്യമായ ചേരുവകൾ നൽകാൻ വിതരണക്കാരെ ആരെയും ലഭിച്ചില്ല. ഇതോടെ സ്വയം ഐസ്ക്രീം നിർമ്മാണം പഠിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വീട്ടിൽ വച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയ ഐസ്ക്രീമുകൾ ആദ്യം അയൽവാസികൾക്കാണ് അദ്ദേഹം നൽകിയത്. മൂന്ന് മാസത്തെ പരിശ്രമത്തിന് ശേഷം 1975 മേയ് 1-ന് മംഗളൂരുവിലെ മാർക്കറ്റ് റോഡിൽ 14 ഫ്ലേവറുകളോടെ ‘ഐഡിയൽ ഐസ്ക്രീം’ ആരംഭിച്ചു.

തൊട്ടടുത്ത രണ്ട് വർഷത്തിനുള്ളിൽ ഐഡിയൽ ഐസ്ക്രീമിന് വൻ ജനപ്രീതി ലഭിക്കുകയും ആളുകൾ വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന അവസ്ഥയിലെത്തുകയും ചെയ്തു. 2001-ഓടെ മംഗളൂരുവിന് പുറത്തേക്കും വിപണി വ്യാപിപ്പിച്ച ഐഡിയൽ ഐസ്ക്രീമിന് ഇന്ന് കർണാടക, വടക്കൻ കേരളം, തെക്കൻ ഗോവ എന്നിവിടങ്ങളിലായി 8,500-ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുണ്ട്. കുട്ടി ഐസ്ക്രീമുകൾ, കോണുകൾ, റിയൽ ഫ്രൂട്ട് ഐസ്ക്രീമുകൾ തുടങ്ങി 150-ലധികം വെറൈറ്റികൾ ഇന്ന് കമ്പനിക്കുണ്ട്. ദേശീയ തലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഈ ബ്രാൻഡിന്റെ ഇന്നത്തെ മൂല്യം 150 കോടി രൂപയാണ്.