കാറിന്റെ സെൻസർ തുടർച്ചയായി ശബ്ദമുണ്ടാക്കിയതിൽ പ്രകോപിതനായി, വനിതാ വക്കീലിന്റെ പാർക്ക് ചെയ്തിരുന്ന കാറിന് തീയിട്ട് അയൽവാസി. കാറിൽ പെട്രോൾ ഒഴിച്ച്, അത് ആളിപ്പടരുന്നത് തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത ശിഖർ ഗോഹെലാണ് പ്രതി . ഗുജറാത്തിലെ മോർബിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം .
ഒക്ടോബർ 28-ന് വാഘ്പരാ പ്രദേശത്താണ് ഈ സംഭവം നടന്നത്. അഡ്വക്കേറ്റ് പുഷ്പ ഭട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോർബി എ ഡിവിഷൻ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
പരാതിക്കാരിയായ പുഷ്പ ഭട്ടിന്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന സമയത്ത്, വൈകുന്നേരം ഏകദേശം 4:45-നാണ് സംഭവം നടന്നത്. പ്രതി ഒരു കുപ്പി പെട്രോളുമായി കാറിനടുത്ത് വന്ന് ബോണറ്റിലും മുൻഭാഗത്തും പെട്രോൾ ഒഴിച്ചു. തുടർന്ന് തീപ്പെട്ടികൊളുത്തി കാറിന് തീയിട്ടു. തീ പടരുമ്പോൾ സ്ഥലം വിട്ടുപോകാതെ പ്രതി തന്റെ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ വീഡിയോ എടുത്തതാണ് സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. സമീപത്തെ സിസിടിവി ക്യാമറകളിലും ഈ സംഭവങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി പെട്രോൾ ഒഴിക്കുന്നതും തീയിടുന്നതും വ്യക്തമായി കാണാം. തീ ആളിപ്പടരുമ്പോൾ പ്രതി അല്പം മാറിനിന്ന് ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങി. ആ വഴി ആളുകൾ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അയാൾ വീഡിയോ എടുക്കുന്നത് തുടർന്നു. അതിനുശേഷം മറ്റൊരു കാറിൽ കയറി അയാൾ അവിടെനിന്ന് പോവുകയായിരുന്നു.
കാറിന്റെ സെൻസർ തുടർച്ചയായി ശബ്ദമുണ്ടാക്കിയത് തനിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കിയതിനാലാണ് തീവെച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആളുകളോ മൃഗങ്ങളോ തട്ടുമ്പോഴൊക്കെ കാറിന്റെ സെൻസർ വലിയ ശബ്ദമുണ്ടാക്കുമായിരുന്നു. ഈ ശല്യം സഹിക്കവയ്യാതെയാണ് അയാൾ ഈ കടുംകൈ ചെയ്തത്. തീപിടുത്തത്തിൽ കാർ പൂർണ്ണമായി കത്തിനശിക്കുകയും ഏകദേശം 3.50 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. പുഷ്പ ഭട്ടിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.




