Crime

18കാരി ഭാര്യയെ പൂട്ടിയിട്ടു; ഭർത്താവും കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ചു: വാതിൽ പൊളിച്ച് അകത്തുകയറി രക്ഷിച്ചത് വീട്ടുടമ

ഹൈദരാബാദ്∙ വാടകവീട്ടിൽ പൂട്ടിയിട്ട് പതിനെട്ടുകാരിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മ്യാൻമർ സ്വദേശിനിയായ യുവതിയാണ് ഭർത്താവ് മുഹമ്മദ് ഫയാസിന്റെയും ഇയാളുടെ സുഹൃത്തുക്കളുടെയും ക്രൂരതയ്ക്ക് ഇരയായത്. വാടക വാങ്ങാനെത്തിയ വീടുടമ വാതിൽ പൊളിച്ച് അകത്തുകയറിയതോടെയാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.

ബംഗ്ലദേശിലെ കോക്സ് ബസാറിൽ വച്ചാണ് യുവതി ഫയാസിനെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി മേയ് മാസത്തിൽ ഇയാൾ യുവതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും തുടർന്ന് ഹൈദരാബാദിൽ വച്ച് വിവാഹം കഴിക്കുകയുമായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞതോടെ ഫയാസ് തന്റെ മൂന്ന് സുഹൃത്തുക്കളെ ഈ വാടകവീട്ടിലേക്ക് താമസിപ്പിക്കാനായി കൊണ്ടുവന്നു. തുടർന്ന് വീട് പുറത്തുനിന്ന് പൂട്ടി കൂട്ടുകാരെ ഓരോരുത്തരെയായി അകത്തേക്ക് കടത്തിവിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ക്രൂരത പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

ഒക്ടോബർ 23-ന് വാടക വാങ്ങാൻ എത്തിയ വീട്ടുടമസ്ഥൻ പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച യുവതി, ബന്ധുവിനൊപ്പമെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.