Featured Health

യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും! ഭക്ഷണമല്ലാത്തതും കഴിക്കുന്ന അവസ്ഥ, എന്താണ് പിക്ക സിൻഡ്രോം ?

അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റിൽനിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കൾ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്കൊടുവിൽ ഉള്ളിൽ ഇത്തരം വസ്തുക്കൾ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്.

പുറത്തെടുത്ത 14 പേനകളിൽ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളിൽ തുളച്ചുകയറിയതാണ് യുവതിക്ക് കടുത്ത വേദനയുണ്ടാക്കാൻ കാരണമെന്നാണ് കരുതുന്നത്. മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. എന്നാൽ ഇത്രയധികം സാധനങ്ങൾ യുവതി എങ്ങനെ വിഴുങ്ങിയെന്ന കാര്യം വ്യക്തമല്ല.

പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങൾ വിഴുങ്ങിയതിന് പിന്നിൽ ഈ അവസ്ഥയാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ കരുതുന്നു. ഭക്ഷണമായി കണക്കാക്കാത്ത വസ്തുക്കൾ കഴിക്കാൻ തോന്നുന്ന ‘പിക്ക സിൻഡ്രോം’ എന്ന പ്രത്യേക രോഗാവസ്ഥയാകാം ഇതെന്നാണ് വൈദ്യശാസ്ത്ര നിഗമനം.