Crime

‘എങ്ങനെ കൊല്ലാം, തെളിവ് നശിപ്പിക്കാം?’; യുവാവിനെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ്: ഒരാൾകൂടി പിടിയിൽ

പുണെ∙ മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹാംഗെയെയാണ് പുണെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പുണെ സ്വദേശിയായ കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും ചേതനും ചേർന്ന് ലോഹഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി.

‘കേതനെ വധിക്കാനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേതന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം കൊലപ്പെടുത്താനുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് കൃത്യമായ അറിവുണ്ടായിരുന്നു. കേതനെ കൊലപ്പെടുത്തിയ ഉടൻ തന്നെ ചേതൻ വിവരമറിയിക്കാൻ റിതേഷിനെ ഫോണിൽ വിളിച്ചിരുന്നു.’– പുണെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് റിതേഷിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കേതനെ കോട്ടയിൽനിന്ന് എങ്ങനെ താഴേക്ക് തള്ളിയിടാമെന്നും തെളിവുകൾ എങ്ങനെ ഇല്ലാതാക്കാമെന്നും ചർച്ച ചെയ്ത ചാറ്റുകൾ ഫോണിൽനിന്ന് ലഭിച്ചു. റിതേഷിനെ സെപ്റ്റംബർ 12 വരെ കോടതി റിമാൻഡ് ചെയ്തു.

ജൂൺ 18-നാണ് കേതൻ അഗർവാളിനെ സിയയും ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ വധിച്ചത്. തുടക്കത്തിൽ അപകടമരണമാണെന്ന് കരുതിയെങ്കിലും വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. സിയയുടെ ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് ഇരുവരും ലോഹഗഡിൽ ട്രെക്കിങ്ങിനായി എത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സിയയുടെ കാമുകൻ സ്ഥലത്തെത്തുകയും ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു. ചിത്രമെടുക്കാൻ പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വീണതാണെന്നാണ് സിയ ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. വരുന്ന നവംബറിൽ ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. കേതനെ ഇല്ലാതാക്കി കാമുകനായ ചേതനെ വിവാഹം കഴിക്കാനായിരുന്നു സിയ പദ്ധതിയിട്ടിരുന്നത്.