Featured Sports

ഇന്ത്യയുടെ ജയം അംപയറുടെ ദാന​മോ? അക്ഷർ എറിഞ്ഞത് ‘വൈഡ്’ ആണോ? തേർഡ് അംപയറും ഡിആർഎസുമില്ല, ഐ.സി.സി നിയമം എന്താണ് പറയുന്നത്?

സാനോയിൽ ജപ്പാനെതിരായ ട്വന്റി20 മത്സരത്തിൽ ചരിത്രപരമായ ഒരു അട്ടിമറിയിൽനിന്നു കഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. സാനോ രാജ്യാന്തര മൈതാനത്ത് മഴ വില്ലനായതോടെ മത്സരം അഞ്ച് ഓവറാക്കി ചുരുക്കുകയായിരുന്നു. അമിത ഈർപ്പമുള്ള സ്ലോ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാതെ പോയതോടെ നിശ്ചിത അഞ്ച് ഓവറിൽ 32/4 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ടീം വീറോടെ പോരാടുകയും ഇന്ത്യയെ ശക്തമായ സമ്മർദത്തിലാക്കുകയും ചെയ്തു. മികച്ച രീതിയിൽ കളിച്ച ജപ്പാന് ജയിക്കാൻ അവസാന ഓവറിൽ എട്ട് റൺസ് മാത്രമായിരുന്നു ആവശ്യം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയൊരു അട്ടിമറി നടക്കുമോ എന്ന് ആരാധകർ ഭയന്ന നിമിഷമായിരുന്നു അത്. എന്നാൽ അവസാന ഓവറിൽ അക്ഷർ പട്ടേൽ കൃത്യതയോടെ ബോൾ ചെയ്ത് ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ ആവേശജയം സമ്മാനിച്ചെങ്കിലും, ഫീൽഡ് അംപയർ ക്രിസ് തർഗേറ്റിന്റെ വിവാദപരമായ തീരുമാനം വിജയത്തിന്റെ തിളക്കം കുറച്ചു.

അവസാന ഓവറിലെ അവസാന നാല് പന്തിൽ 7 റൺസായിരുന്നു ജപ്പാന് ജയിക്കാൻ വേണ്ടിയിരുന്നത്. അമിത ഈർപ്പമുള്ള പിച്ചിൽ ഇത് എളുപ്പമായിരുന്നില്ല. ഈ സമയത്താണ് ഇടംകയ്യൻ ബാറ്റർ അലക്സാണ്ടർ ഷിറായ്-പാറ്റ്‌മോർ അക്ഷർ പട്ടേലിനെതിരെ റിവേഴ്സ് ഹിറ്റിന് ശ്രമിക്കുന്നത്. പന്ത് അടിച്ചകറ്റാൻ സാധിക്കാതെ പോയെങ്കിലും, സാധാരണ നിലയിൽ ലെഗ് സൈഡ് എന്ന് പറയാമായിരുന്ന ദിശയിലൂടെ കടന്നുപോയ ആ പന്ത് 17 ട്വന്റി20 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ജപ്പാൻകാരനായ അംപയർ ക്രിസ് തർഗേറ്റ് വൈഡ് വിളിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി ഇത്തരം പന്തുകൾ വൈഡ് നൽകുന്ന പതിവില്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾ അമ്പരന്നു. തൊട്ടടുത്ത പന്തിലും അംപയർ സമാനമായി വൈഡ് വിളിച്ചതോടെ ഇന്ത്യൻ നിരയുടെ അമ്പരപ്പ് പ്രതിഷേധമായി മാറി. ജപ്പാന്റെ ലക്ഷ്യം നാല് പന്തിൽ അഞ്ച് റൺസായി ചുരുങ്ങിയതോടെ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചു. തുടർന്ന് ഐസിസി എലൈറ്റ് പാനൽ അംഗവും ന്യൂസീലൻഡ് സ്വദേശിയുമായ ലെഗ് അംപയർ ക്രിസ് ബ്രൗൺ ഇടപെടുകയും തീരുമാനം തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. അംപയർ തർഗേറ്റ് അത് അംഗീകരിച്ചതോടെ ജപ്പാന്റെ ലക്ഷ്യം വീണ്ടും മൂന്നു പന്തിൽ 6 റൺസായി മാറി. ഒടുവിൽ രണ്ട് റൺസിന് വിജയിച്ച ഇന്ത്യ, ട്വന്റി20 ക്രിക്കറ്റിൽ പ്രതിരോധിച്ചു ജയിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.

വൈഡ് നൽകുന്ന കാര്യത്തിൽ ഐസിസി അംപയർമാർക്ക് വ്യക്തമായ മാർഗനിർദേശമുണ്ട്. ഒരു ബാറ്റർ റിവേഴ്സ് ഹിറ്റിനോ സ്വിച്ച് ഹിറ്റിനോ ശ്രമിച്ചാൽ വിക്കറ്റിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി മാത്രമേ പരിഗണിക്കുകയുള്ളൂ. പന്ത് വൈഡ് ആകണമെങ്കിൽ അത് ഔട്ടർ സ്റ്റംപിന് 75 സെന്റീമീറ്റർ പുറത്തുകൂടി പോകണം. ബാറ്റർ താൻ നിൽക്കുന്ന രീതി മാറ്റാൻ ശ്രമിക്കുകയും പിന്നീട് പഴയ നിലയിലേക്ക് തിരികെ വരികയും ചെയ്താലും പിച്ചിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി തന്നെ കണക്കാക്കും. ഐസിസി അംപയർമാരുടെ മാനുവലിൽ ഉള്ള ഈ നിയമത്തിന് പിന്നിലെ യുക്തി വളരെ ലളിതമാണ്; ബാറ്റർ പൊസിഷൻ മാറുമ്പോൾ ലെഗ് സൈഡിലൂടെ വരുന്ന പന്തുകൾ കൂടി അടിച്ചകറ്റാൻ പാകത്തിലുള്ള പരിധിക്കുള്ളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.

ഷിറായ്-പാറ്റ്‌മോർ കളിച്ചത് സ്വിച്ച് ഹിറ്റ് അല്ലെന്നതിനും പ്രസക്തിയില്ല. ബാറ്റർ കൈകളുടെ ഗ്രിപ്പിൽ മാറ്റം വരുത്താത്ത റിവേഴ്സ് ഹിറ്റിനും, കൈകളുടെ സ്ഥാനം മാറ്റുന്ന സ്വിച്ച് ഹിറ്റിനും ഈ നിയമം ഒരുപോലെ ബാധകമാണ്.

കൂടാതെ, അക്ഷർ പന്ത് എറിഞ്ഞ ശേഷമാണ് ബാറ്റർ പൊസിഷൻ മാറിയത് എന്നതിനും നിയമപരമായി പ്രസക്തിയില്ല. ഏതു സമയത്താണ് ബാറ്റർ പൊസിഷൻ മാറുന്നത് എന്നത് സ്വിച്ചിങ്ങിലൂടെ ലഭിക്കുന്ന ആനുകൂല്യത്തെ ബാധിക്കുന്നില്ല എന്നാണ് നിയമം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ വൈഡ് തീരുമാനിക്കാൻ പിച്ചിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി തന്നെയാണ് പരിഗണിക്കുന്നത്.

മത്സരത്തിൽ ടിവി അംപയറോ ഡിആർഎസോ ഇല്ലാതിരുന്നതിനാൽ ഓൺ-ഫീൽഡ് അംപയർമാരുടെ തീരുമാനം അന്തിമമായിരുന്നു. എങ്കിലും അടുത്ത പന്ത് എറിയുന്നതിന് മുൻപ് വരെ തങ്ങളുടെ തീരുമാനം മാറ്റാനുള്ള പൂർണ അധികാരം അംപയർമാർക്കുണ്ട്.

ആദ്യത്തെ വൈഡ് കോൾ അപ്രതീക്ഷിതമായിരുന്നതിനാൽ തൊട്ടടുത്ത പന്ത് എറിയുന്നതിന് മുൻപ് അതിനോട് പ്രതികരിക്കാൻ ക്രിസ് ബ്രൗൺ ഉൾപ്പെടെയുള്ള ആർക്കും സമയം ലഭിച്ചുകാണില്ല. എന്നാൽ ഒരു തെറ്റ് സംഭവിച്ചു എന്നത് രണ്ടാമതും അത് ആവർത്തിക്കുന്നതിനുള്ള ന്യായീകരണമല്ല.

ഇത്തരം വലിയ സൗകര്യങ്ങളില്ലാത്ത സാനോ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മറ്റു വലിയ സ്റ്റേഡിയങ്ങളിലെപ്പോലെ ഡിആർഎസ് സംവിധാനങ്ങൾക്കോ തേർഡ് അംപയർക്ക് പരിശോധിക്കാനുള്ള ക്യാമറകൾക്കോ ഉള്ള സൗകര്യങ്ങൾ ഈ ചെറിയ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. കൂടാതെ സൗഹൃദമത്സരമായതിനാലും ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.