പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ വർഷങ്ങളോളം കൂടെനിൽക്കുക എന്നത് അതികഠിനമായ കാര്യമാണ്. അതിന് അളവറ്റ ക്ഷമയും അർപ്പണബോധവും വേണം. കിഴക്കൻ ചൈനയിലെ ഷാങ്ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള 68-കാരിയായ ഷുവാൻ ഫെങ്യിംഗ് ഇതിനൊരു വലിയ ഉദാഹരണമാണ്. വിവാഹം കഴിഞ്ഞ് വെറും ഒരു മാസം കഴിഞ്ഞപ്പോൾ ട്രക്കിടിച്ച് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ മരുമകൾ ഷുവിനെ, കഴിഞ്ഞ 17 വർഷമായി രാപ്പകലില്ലാതെ നോക്കുകയാണ് ഈ അമ്മ. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് ഈ ഹൃദയസ്പർശിയായ വാർത്ത റിപ്പോർട്ട് ചെയ്തത്.
2009-ൽ ചിങ്യുൻ കൗണ്ടിയിലെ ഗ്രാമത്തിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തെ തുടർന്നാണ് ഷു കിടപ്പിലായത്. അന്നുമുതൽ ആ യുവതിയുടെ മുഴുവൻ ഉത്തരവാദിത്തവും ഷുവാൻ സ്വന്തം ചുമലിലേറ്റുകയായിരുന്നു. “അവൾ എന്റെ മകന്റെ ഭാര്യയാണ്, അതിനാൽ എനിക്കും മകളെപ്പോലെയാണ്. അവളെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?” എന്നാണ് ഈ അമ്മ ചോദിക്കുന്നത്.
രാവിലെ മുതൽ രാത്രി വരെ ഷുവിന്റെ ഓരോ ആവശ്യത്തിനും ഷുവാൻ കൂടെയുണ്ട്. ദ്രാവകരൂപത്തിലുള്ള ഭക്ഷണം ഓരോ സ്പൂണായിട്ടാണ് ഷുവിന് നൽകുന്നത്. ഒരു നേരം ഭക്ഷണം നൽകാൻ മാത്രം ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും. പരിചരണത്തിനൊപ്പം മരുമകളോട് സംസാരിക്കാനും ഷുവാൻ സമയം കണ്ടെത്തി. നാട്ടുവിശേഷങ്ങൾ പങ്കുവെച്ചും, പാട്ടുകൾ കേൾപ്പിച്ചും, പേര് വിളിച്ചും ഷുവാൻ അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.
വർഷങ്ങളുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ ഷുവിന് ഭാഗികമായി ബോധം തിരിച്ചുകിട്ടി. എങ്കിലും തലച്ചോറിനേറ്റ പരിക്ക കാരണം നാല് വയസ്സുള്ള കുട്ടിയുടെ മാനസിക വളർച്ച മാത്രമാണ് അവൾക്കിപ്പോഴുമുള്ളത്.
ഇപ്പോൾ ചില വാക്കുകൾ സംസാരിക്കാനും സ്വന്തമായി ലളിതമായ ഭക്ഷണം പാകം ചെയ്യാനും ഷുവിന് സാധിക്കുന്നുണ്ട്. വർഷങ്ങളുടെ കഷ്ടപ്പാടിനൊടുവിൽ ലഭിച്ച ഈ മാറ്റം ഷുവാന് വലിയ ആശ്വാസമാണ് നൽകുന്നത്. ഷുവിന്റെ ആരോഗ്യം പൂർണ്ണമായും മെച്ചപ്പെടണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് ഷുവാൻ പറയുന്നു. താൻ ഇല്ലാത്ത കാലത്തും അവൾക്ക് പട്ടിണി കിടക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തിലാണ് അവർ. തനിക്ക് ശേഷം മരുമകളെ നന്നായി നോക്കണമെന്ന് ഷുവാൻ മകനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.




