Crime Featured

ഒന്നിച്ച്‌ ഓണാഘോഷം, സിനിമ; പിന്നാലെ കൊലപാതകം ; അനില ഇതു ചെയ്തുവെന്നത് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍, ദുരൂഹത

കോട്ടയം: അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. കലിഫോര്‍ണിയയിലെ മില്‍പീറ്റാസിലെ അപ്പാര്‍ട്‌മെന്റ്‌ സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്‌ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ സുഹൃത്തും അയല്‍ക്കാരിയുമായ കോട്ടയം മൂന്നിലവ് സ്വദേശി അനില (32) അറസ്‌റ്റിലായി.

എന്‍ജിനീയറിങ്‌ ബിരുദധാരിയായ അനില നാട്ടിൽ ശാന്തസ്വഭാവക്കാരിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസികാഘാതമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇനിയും വ്യക്തമല്ല.

അഞ്‌ജനയെ കാര്‍ ഇടിപ്പിച്ചും ആനിനെ കുത്തിയുമാണ് അനില കൊലപ്പെടുത്തിയത്‌. കൊല്ലപ്പെട്ടവരും പ്രതിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിച്ചു ഓണാഘോഷത്തിൽ പങ്കെടുക്കുകയും സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട അഞ്‌ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ വിജേഷാണ് ഭർത്താവ്, ആറുവയസുള്ള ഒരു മകളുമുണ്ട്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ജേക്കബ് (മിഥുൻ) ആണ് ആനിന്റെ ഭർത്താവ്, ഇവർക്ക് രണ്ടു മക്കളുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് അപ്പാർട്ട്മെന്റ് പാർക്കിങ് ഏരിയയിൽ നീല കാർ ഒരു യുവതിയെ ഇടിച്ചു തെറിപ്പിച്ചു കടന്നുകളഞ്ഞതായി ദൃക്‌സാക്ഷികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അഞ്ജന മരിച്ചിരുന്നു. തുടർന്ന് മുൻഭാഗം തകർന്ന നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞു എത്തിയ ആനിന്റെ ഭർത്താവാണ് വീടിനുള്ളിൽ ഭാര്യയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിപ്പിച്ചിട്ടുണ്ട്. ആന്‍ മേരി മാത്യുവിന്റെ സംസ്‌കാരം കോട്ടയത്ത്‌ നടക്കും. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ജിജി മാത്യുവിന്റെയും പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ്‌ ആന്‍. കുറിച്ചി സ്വദേശി ജേക്കബ് ആണ് ഭര്‍ത്താവ്‌.

പോസ്‌റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം പള്ളം ബുക്കാന സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.