Featured The Origin Story

ഇന്ത്യയുടെ പെരുമ ഉയർത്തിയ രൂപയുടെ ചിഹ്നം ₹; പിന്നിലെ കഥ , അടയാളം രൂപകല്പന ചെയ്തത് ആര്?

ഇന്ത്യൻ രൂപയുടെ അടയാളമായ ‘₹’ ഇന്ന് കറൻസികളിലും ഔദ്യോഗിക രേഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ചിഹ്നത്തിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ മനോഹരമായ ഒരു കഥയുണ്ട്. ഐ.ഐ.ടി ബോംബെയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ഡി. ഉദയ കുമാറാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. ഇദ്ദേഹത്തിന്റെ ഡിസൈൻ പിന്നീട് ഭാരത സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ രൂപയ്ക്ക് ഒരു ചിഹ്നം കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ഉദയ കുമാറിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെടുന്നത്. മൂവായിരത്തിലധികം ഡിസൈനുകളാണ് മത്സരത്തിലേക്ക് ലഭിച്ചത്. ഇതിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ അധ്യക്ഷനായ സമിതി അഞ്ച് ഡിസൈനുകൾ മാത്രം അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും, അതിൽ നിന്ന് ഉദയ കുമാറിന്റെ ഡിസൈൻ സർക്കാർ അന്തിമമായി ഉറപ്പിക്കുകയുമായിരുന്നു.

ദേവനാഗരി ലിപിയിലെ ‘ര’ (र) എന്ന അക്ഷരവും റോമൻ അക്ഷരമാലയിലെ ‘R’ എന്ന വലിയ അക്ഷരവും സമന്വയിപ്പിച്ചാണ് ഈ ചിഹ്നം നിർമ്മിച്ചിരിക്കുന്നത്. ചിഹ്നത്തിന്റെ മുകളിലായി രണ്ട് സമാന്തര വരകളും കാണാം. ദേവനാഗരി, റോമൻ ലിപികളുടെ ഘടകങ്ങൾ ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഇതിന്റെ രൂപകൽപ്പന.

2010 ജൂലൈ 15-നാണ് കേന്ദ്ര മന്ത്രിസഭ പുതിയ രൂപ ചിഹ്നത്തിന് അംഗീകാരം നൽകിയത്. ഈ വേറിട്ട ചിഹ്നത്തിന്റെ വരവോടെ ഇന്ത്യൻ രൂപയ്ക്ക് വ്യക്തമായൊരു ദൃശ്യ സ്വത്വം ലഭിക്കുകയും രൂപ എന്ന് പേരുള്ള മറ്റ് രാജ്യങ്ങളിലെ കറൻസികളിൽ നിന്ന് നമ്മുടെ രൂപയെ തിരിച്ചറിയാൻ എളുപ്പമാവുകയും ചെയ്തു.

2011 മുതൽ ഇന്ത്യൻ ബാങ്ക് നോട്ടുകളിലും നാണയങ്ങളിലും ഈ ചിഹ്നം ഉൾപ്പെടുത്തിത്തുടങ്ങി. പിന്നീട് കമ്പ്യൂട്ടറുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാൻ തക്കവിധം ചിഹ്നത്തെ യൂണിക്കോഡ് സ്റ്റാൻഡേർഡിൽ (U+20B9) ഉൾപ്പെടുത്തുകയും ചെയ്തു.