ചൈനയിലെ തെരുവ് ഭക്ഷണ ലോകം കഴിക്കാൻ അസാധ്യമെന്നു തോന്നുന്ന ഒരു വിചിത്ര വിഭവത്തിലൂടെ വീണ്ടും ഇന്റർനെറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ചൈനീസ് മാർക്കറ്റിൽ നിന്ന് കണ്ടെത്തിയ ‘ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ’ എന്ന ഈ വേറിട്ട ഭക്ഷണത്തിന്റെ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ ഈവ്ലിനാണ് പങ്കുവെച്ചത്.
ബാർബിക്യൂവിൽ ഇറച്ചി പാകം ചെയ്യുന്നതിന് സമാനമായാണ് ഇതും തയ്യാറാക്കുന്നത്. വലിയ ഐസ് കട്ടകൾ തുറന്ന തീയ്ക്ക് മുകളിൽ വെച്ച്, അതിൽ എണ്ണ പുരട്ടി വിവിധതരം മസാലകൾ ചേർക്കുന്നു. തുടർന്ന് മുളകുപൊടി, സവാളത്താൾ, മല്ലിയില എന്നിവയും ഇതിനു മുകളിൽ വിതറുന്നു. ഈ ആശയം വിചിത്രമായി തോന്നാമെങ്കിലും, കടയിൽ ഇത് വാങ്ങാൻ ആളുകൾ താല്പര്യം കാണിക്കുന്നത് വീഡിയോയിൽ കാണാം.
ഗ്രില്ലിൽ നേരിട്ട് വെച്ച് പാകം ചെയ്യുന്ന ഐസ് പോലെയുള്ള ജെല്ലിയാണ് ഈ സ്നാക്ക് എന്ന് ഈവ്ലിൻ വിശദീകരിച്ചു. പാകം ചെയ്യുമ്പോൾ വ്യാപാരി ഇതിലേക്ക് മുളകും ജീരകപ്പൊടിയും ചേർക്കുന്നുണ്ട്. സ്നാക്ക് ‘മൊരിഞ്ഞത്’ വേണോ അതോ ‘സോഫ്റ്റ്’ ആയത് വേണോ എന്ന് കച്ചവടക്കാരൻ തന്നോട് ചോദിച്ചതായും അവർ പറഞ്ഞു. മഞ്ഞു കട്ടി എങ്ങനെ ഗ്രിൽ ചെയ്ത് സാധാരണ ലഘുഭക്ഷണം പോലെ കഴിക്കാൻ സാധിക്കുമെന്ന ചോദ്യം അവരെയും ആശയക്കുഴപ്പത്തിലാക്കി.
വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്. “ഇതൊരു ക്ലീനിംഗ് ട്രിക്ക് ആണെന്നാണ് ഞാൻ ആദ്യം കരുതിയത്” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഗ്രിൽ ചെയ്ത എന്ത്? ഇവർ ശാസ്ത്രത്തെ തന്നെ വെല്ലുവിളിക്കുകയാണല്ലോ” എന്നായിരുന്നു മറ്റൊരു കമന്റ്. ഇതൊരു “ടൂറിസ്റ്റ് ട്രാപ്പ്” ആണെന്നും, വിജിറ്റേറിയൻസായ ആളുകൾക്ക് ചൈനയിൽ കഴിക്കാൻ പറ്റിയ ഒരേയൊരു സാധനം ഇതാണെന്നും ചിലർ തമാശയായി കുറിച്ചു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ മികച്ച വിഭവമാണിതെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. കട സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം ഈവ്ലിൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചാങ്ഷയിലെ ഒരു മാർക്കറ്റിലാണ് ഈ വേറിട്ട വിഭവം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.




