മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുമ്പോഴും മരുമകളുടെ ഭാവി മുന്നിൽകണ്ട് അവൾക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഒരു അമ്മ. ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭർത്താവ് മരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ, രണ്ട് കുട്ടികളുടെ അമ്മയായ മരുമകൾക്ക് പുനർവിവാഹം നടത്തിക്കൊടുക്കാൻ സുനിത എന്ന ഈ അമ്മ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ മുന്നോട്ടുവരികയായിരുന്നു.
ഹരിദ്വാർ സ്വദേശിനിയായ മീനാക്ഷിയെ പത്ത് വർഷം മുൻപാണ് സുനിതയുടെ മകൻ രോഹിത് വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളുള്ള ഇവരുടെ സന്തോഷകരമായ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായാണ് ദുരന്തമെത്തിയത്. കാൻസർ ബാധിതനായിരുന്ന രോഹിതിന്റെ പിതാവ് ഓഗസ്റ്റ് 14-ന് അന്തരിച്ചു. തൊട്ടടുത്ത ദിവസം തന്നെ മകൻ രോഹിതും മരണത്തിന് കീഴടങ്ങി. തുടർന്നാണ് മീനാക്ഷിയുടെ അനുവാദത്തോടെ രാജസ്ഥാനിലെ നാരായൺപുർ സ്വദേശിയും ചാട്ട് കച്ചവടക്കാരനുമായ യോഗേഷുമായി ആര്യസമാജ് ക്ഷേത്രത്തിൽ വച്ച് ബുധനാഴ്ച ആചാരപൂർവ്വം വിവാഹം നടത്തിയത്.
കുടുംബത്തിലെ അപ്രതീക്ഷിത വിയോഗങ്ങൾക്ക് ശേഷമാണ് മരുമകളുടെ ഭാവിയെക്കുറിച്ച് സുനിത ചിന്തിച്ചു തുടങ്ങിയത്. മീനാക്ഷിയോട് സംസാരിച്ച് അവളുടെ പൂർണ്ണ സമ്മതത്തോടെയാണ് യോഗേഷുമായുള്ള വിവാഹത്തിന് വഴിതുറന്നത്. മീനാക്ഷിയുടെ ഇളയ ഭർതൃസഹോദരനായ മോഹിതും ഈ ചടങ്ങുകൾക്ക് മുൻകൈയെടുക്കുകയും, സഹോദരസ്ഥാനത്ത് നിന്ന് കന്യാദാനം നിർവഹിക്കുകയും ചെയ്തു. പുതിയ വീടുകളിലേക്ക് മാറിയാലും മീനാക്ഷിയുമായുള്ള ബന്ധം എന്നും നിലനിർത്തുമെന്ന് സുനിതയും മോഹിതും ഉറപ്പിച്ചു പറയുന്നു.




