Oddly News

‘അവധി’യുടെ മധുരത്തിൽ വീണുപോയി; യു.പി.യിലെ പ്രാദേശിക ഭാഷയെ പ്രണയിച്ച ദക്ഷിണേന്ത്യൻ ഡോക്ടർ, വൈറൽ വീഡിയോ!

ദക്ഷിണേന്ത്യക്കാരിയായ വനിതാ ഡോക്ടർ ഉത്തർപ്രദേശിലെ പ്രാദേശിക ഭാഷയായ ‘അവധി’യോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള മെഡിക്കൽ സെന്ററിൽ പ്രസവ ചികിത്സാ വിദഗ്ദ്ധയായി സേവനമനുഷ്ഠിക്കുന്ന ഡോ. അനിത പുണ്യോദയ മിശ്രയാണ് തനിക്ക് ഈ ഭാഷയോടുള്ള താല്പര്യത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വിവാഹശേഷമാണ് താൻ ഹിന്ദി സംസാരിക്കാൻ പഠിച്ചതെന്നും, എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഷ ‘അവധി’യാണെന്നും ഡോക്ടർ പറയുന്നു.

തന്റെ അടുക്കൽ എത്തുന്ന രോഗികൾ അവധി ഭാഷയിൽ രോഗലക്ഷണങ്ങൾ വിവരിക്കുമ്പോൾ കേട്ടിരിക്കാൻ വലിയ സന്തോഷമാണെന്നും, ആരോ കവിത ചൊല്ലിക്കേൾപ്പിക്കുന്ന അനുഭൂതിയാണ് തനിക്കപ്പോൾ തോന്നാറുള്ളതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഭാഷ പൂർണ്ണമായി മനസ്സിലാക്കുക എന്നത് അത്ര എളുപ്പമല്ലെന്നും ഡോക്ടർ തമാശരൂപേണ ഓർത്തെടുക്കുന്നു. കഴിഞ്ഞ ദിവസം ഒരു രോഗി പൂർണ്ണമായും ‘അവധി’യിൽ സംസാരിച്ചപ്പോൾ തനിക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും, അവധി ഭാഷ പഠിക്കുക എന്നത് ഒരു ദിവസം കൊണ്ട് കഴിയുന്ന കാര്യമല്ല മറിച്ച് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണെന്നും അവർ കൂട്ടിച്ചേർത്തു. ‘ജയ് അവധി! ജയ് ഗോണ്ട!’ എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടർ വീഡിയോ അവസാനിപ്പിക്കുന്നത്.

ഉത്തർപ്രദേശിലെ അവധ് മേഖലയിൽ വ്യാപകമായി സംസാരിക്കപ്പെടുന്ന ഒരു പരമ്പരാഗത ഭാഷയാണ് അവധി. തുളസീദാസിന്റെ രാമചരിതമാനസവും മാലിക് മുഹമ്മദ് ജായസിയുടെ പദ്മാവതും രചിക്കപ്പെട്ടത് ഈ ഭാഷയിലാണ്. വളരെ മൃദുവും സംഗീതാത്മകവുമായ ഈ ഭാഷ ഇന്ന് ഹിന്ദിയുടെ ഒരു ഉപഭാഷയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഹിന്ദി സാഹിത്യത്തിനും സംസ്കാരത്തിനും വലിയ സംഭാവനകൾ നൽകിയ ഒന്നാണ് അവധി.