Featured Good News

പാവപ്പെട്ട കുട്ടികൾക്കായി ഒരു വിമാനം മുഴുവൻ വാടകയ്‌ക്കെടുത്ത് യൂട്യൂബറുടെ മാതൃക! വൈറല്‍ വീഡിയോ

യൂട്യൂബ് കൊണ്ടന്റ് ക്രിയേറ്ററായ സൗരവ് ജോഷി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കൂട്ടം സ്കൂൾ കുട്ടികൾക്കായി ഒരു വിമാനം മുഴുവനായി ബുക്ക് ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ആദ്യത്തെ വിമാനയാത്രാ അനുഭവമായിരുന്നു ഇത്. സൗരവും ഭാര്യ അവന്തികയും ചേർന്നാണ് കുട്ടികളുടെ ഈ പ്രത്യേക ദിനത്തിന്റെ വിശേഷങ്ങൾ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ചത്.

ഹൽദ്വാനിയിലെ സൗരവിന്റെ വീട്ടിലേക്ക് കുട്ടികളുമായി ബസ് എത്തുന്നതോടെയാണ് വ്ലോഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് എല്ലാവരും പന്ത്നഗർ എയർപോർട്ടിലേക്ക് തിരിച്ചു. ഇൻഡിഗോയുടെ ഒരു വിമാനം മുഴുവനായാണ് കുട്ടികൾക്കായി സൗരവ് ബുക്ക് ചെയ്തത്. എയർപോർട്ടിലെത്തിയ കുട്ടികൾക്ക് ബോർഡിംഗ് പാസുകൾ നൽകുകയും ഊഷ്മളമായ സ്വീകരണം ഒരുക്കുകയും ചെയ്തു. വിമാനത്തിൽ കയറിയപ്പോൾ മുതൽ കുട്ടികളുടെ മുഖത്ത് വലിയ അത്ഭുതവും സന്തോഷവും പ്രകടമായിരുന്നു.

ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ഭയവും ആശങ്കയും ടേക്ക് ഓഫ് സമയത്ത് ചില കുട്ടികൾക്കുണ്ടായിരുന്നു. എന്നാൽ യാത്രയിലുടനീളം സൗരവും അവന്തികയും കുട്ടികളോട് സംസാരിച്ച് അവരുടെ ഭയം മാറ്റി യാത്ര ആസ്വാദ്യകരമാക്കി. നോയിഡ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ ശേഷം കുട്ടികളെ ബസ്സിൽ ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഗെയിമിംഗ് ആർക്കേഡിൽ എത്തിച്ച് കളിക്കാനും പിസ്സ കഴിക്കാനുമുള്ള അവസരം നൽകുകയും ചെയ്തു.

ദിവസത്തിന്റെ അവസാനം കുട്ടികളെ ബസ് മാർഗ്ഗം ഹൽദ്വാനിയിലേക്ക് തിരികെ എത്തിച്ച സൗരവും ഭാര്യയും പുലർച്ചെ നാല് മണിയോടെയാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. പാവപ്പെട്ട കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി രംഗത്തെത്തിയത്. കുട്ടികളുടെ മുഖത്തെ പുഞ്ചിരി കണ്ണ് നിറയ്ക്കുന്നതാണെന്നും വളരെ മനോഹരമായ പ്രവൃത്തിയാണെന്നും ആളുകൾ കുറിച്ചു. ഒരു ദിവസത്തെ ഈ ചെറിയ യാത്ര ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഓർമ്മയായി മാറി.