Health

മാരക വിഷച്ചെടികള്‍ മൃതസഞ്ജീവനിയാകുന്നു? അർബുദത്തെയും മലേറിയയെയും തളയ്ക്കാൻ ‘വിഷപ്പൂക്കൾ’!

ലോകത്തിലെ ഏറ്റവും വിഷമുള്ള ചില സസ്യങ്ങൾ വളരെ കുറഞ്ഞ അളവിൽ ശരീരത്തിലെത്തിയാൽ പോലും ഞരമ്പുകൾക്ക് തളർച്ചയും പക്ഷാഘാതവും ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ്. എന്നാൽ, ഭാവിയിൽ പുതിയ മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കാനും ഇവയ്ക്ക് സാധിച്ചേക്കാം.

‘വൂൾഫ്സ്ബെയ്ൻ’ (Wolfsbane), ‘ലാർക്ക്സ്പർ’ (Larkspur) എന്നീ രണ്ട് വിഷച്ചെടികളിൽ വേദന സംഹാരികൾ, മലേറിയ, കാൻസർ എന്നിവയ്ക്കുള്ള ചികിത്സകൾക്കും സുരക്ഷിതമായ കീടനാശിനികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇവ കഴിച്ചാൽ കടുത്ത ഞരമ്പ് തളർച്ച ഉണ്ടാകുമെങ്കിലും, അവയുടെ അപൂർവ്വമായ രാസഘടന വൈദ്യശാസ്ത്രത്തിന് വലിയ നേട്ടമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

‘മൊളിക്യുലാർ പ്ലാന്റ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഈ ചെടികൾ എങ്ങനെയാണ് സങ്കീർണ്ണമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് എന്നതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ചെക്ക് അക്കാദമി ഓഫ് സയൻസസിലെയും ഗവേഷകർ ഈ ചെടികളുടെ രാസ ഉത്പാദന പ്രക്രിയയുടെ ഒരു ഭാഗം പുകയിലച്ചെടികളിൽ വിജയകരമായി പുനഃസൃഷ്ടിച്ചു. ഇത് കാട്ടുചെടികളെ ആശ്രയിക്കാതെ തന്നെ ഇത്തരം അപൂർവ്വ സംയുക്തങ്ങൾ വൻതോതിൽ പഠിക്കാൻ ശാസ്ത്രജ്ഞർക്ക് വഴിയൊരുക്കും. ആയിരക്കണക്കിന് വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ചെടികൾ മരുന്നുകളായി ഉപയോഗിക്കുന്നുണ്ടെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മുൻ വിദ്യാർത്ഥിയും ഗവേഷകനുമായ ഗാരെറ്റ് മില്ലർ പറഞ്ഞു.

മനോഹരമായ പൂക്കളുള്ള വൂൾഫ്സ്ബെയ്നും ലാർക്ക്സ്പറും ലോകത്തിലെ ഏറ്റവും വിഷാംശമുള്ള സസ്യങ്ങളിൽ പെട്ടവയാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘ഡൈടെർപെനോയിഡ് ആൽക്കലോയിഡുകൾ’ എന്ന രാസസംയുക്തങ്ങൾ നാഡീവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചിടിപ്പിലെ വ്യതിയാനം, തളർച്ച, മരണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. പ്രാണികളിൽ നിന്നും മൃഗങ്ങളിൽ നിന്നും രക്ഷനേടാനാണ് ചെടികൾ ഈ വിഷം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ശ്രദ്ധയോടെ നിയന്ത്രിത അളവിൽ ഉപയോഗിച്ചാൽ ഇവയിൽ നിന്ന് വലിയ ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കും.

ഈ വിഷച്ചെടികളിലെ ആയിരക്കണക്കിന് ജീനുകൾ പരിശോധിച്ച ശാസ്ത്രജ്ഞർ, അവയിലെ എൻസൈമുകളെ വേർതിരിച്ച് പുകയിലച്ചെടികളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ഈ പുകയിലച്ചെടികൾ വിജയകരമായി ‘അറ്റിസിനിയം’ എന്ന പ്രധാന ആൽക്കലോയിഡ് സംയുക്തം ഉത്പാദിപ്പിച്ചു. ഈ സംയുക്തങ്ങൾ വേദന സംഹാരികൾ ഉണ്ടാക്കാനും, മലേറിയ പരത്തുന്ന പരാദങ്ങൾക്കെതിരെ പോരാടാനും, കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ സുരക്ഷിതമായ പ്രകൃതിദത്ത കീടനാശിനികൾ വികസിപ്പിക്കാനും ഇത് സഹായിക്കും.

എന്നാൽ, ഇതിൽ നിന്നും ഉടനടി പുതിയ മരുന്നുകൾ വിപണിയിൽ പ്രതീക്ഷിക്കാനാകില്ല. ഇത് ഗവേഷണത്തിന്റെ തുടക്കഘട്ടം മാത്രമാണ്. ഈ രാസസംയുക്തങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അവ സുരക്ഷിതമാണോ എന്നും തെളിയിക്കാൻ ഇനിയും വർഷങ്ങളോളം ശാസ്ത്രീയ പരീക്ഷണങ്ങളും ക്ലിനിക്കൽ ട്രയലുകളും നടത്തേണ്ടതുണ്ട്. എങ്കിലും, പ്രകൃതിയിലെ കടുത്ത വിഷാംശമുള്ള വസ്തുക്കൾക്ക് പോലും മരുന്നുകളായി മാറാൻ കഴിയും എന്നതിന് വലിയൊരു തെളിവാണ് ഈ കണ്ടെത്തൽ.