ശനിയാഴ്ച രാവിലെ സാങ്കേതിക തകരാറുകളെ തുടർന്ന്ഫ്ലോറിഡയിലെ ബോക്ക റാറ്റണിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ചെറിയൊരു വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നത് യുവതിയതായാ പൈലറ്റ് മാത്രം. അവര് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതലെന്ന നിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഫോർട്ട് മെയേഴ്സിലെ പേജ് ഫീൽഡിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട പൈപ്പർ PA-30 എന്ന വിമാനമാണ് ബോക്ക റാറ്റൺ എയർപോർട്ടിന് കിഴക്ക് സമുദ്രത്തിൽ തകർന്നുവീണത്. ഫെയ്ത്ത് ടെൻക്ലി എന്ന 23-കാരിയായ പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ബോക്ക റാറ്റൺ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്താൻ പൈലറ്റ് ശ്രമിച്ചെങ്കിലും ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതായതോടെ സ്ഥിതി സങ്കീർണ്ണമായി. വിമാനത്തിൽ ധാരാളം ഇന്ധനമുണ്ടായിരുന്നതിനാൽ റൺവേയിൽ ഇറക്കുന്നത് വൻ തീപിടുത്തത്തിന് കാരണമായേക്കുമെന്ന് ഭയന്ന പൈലറ്റ്, ഒടുവിൽ എഞ്ചിനുകളിലൊന്നും കൂടി പ്രവർത്തനരഹിതമായതോടെ സമുദ്രത്തിൽ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കടൽത്തീരത്തുള്ള കെട്ടിടങ്ങളും വെള്ളത്തിലുണ്ടായിരുന്ന ആളുകളെയും ഒഴിവാക്കി സുരക്ഷിതമായ സ്ഥലത്താണ് അവർ വിമാനം കടലിൽ ഇറക്കിയത്. ലാൻഡിംഗ് വളരെ സുഗമമായിരുന്നുവെന്നും നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈഫ് ഗാർഡുകളും ഫയർ റെസ്ക്യൂ ബോട്ടും എത്തി പൈലറ്റിനെ രക്ഷപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു. ബഹാമാസിലുള്ള തന്റെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്ന വഴിയാണ് നാല് വർഷത്തെ പറക്കൽ പരിചയമുള്ള പൈലറ്റിന് ഈ അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്.എ.എ (FAA) വ്യക്തമാക്കി.




