തമിഴ്നാട് പ്രീമിയർ ലീഗ് (TNPL 2026) ക്വാളിഫയർ 2 മത്സരത്തിൽ വിഡാ കോവൈ കിംഗ്സിനെതിരെയുള്ള 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിച്ചി ഗ്രാൻഡ് ചോളാസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ അവരുടെ മൂന്ന് പ്രമുഖ ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പവലിയനിൽ തിരിച്ചെത്തി.
പേസർ കെ ദീപൻ ലിംഗേഷ് എറിഞ്ഞ ആദ്യ ഓവറിലാണ് കെ രാജ്കുമാർ, എസ് ശ്യാം സുന്ദർ, ജഗന്നാഥൻ കൗശിക് എന്നിവർ തുടർച്ചയായ പന്തുകളിൽ പൂജ്യത്തിന് പുറത്തായത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴുന്നത് അപൂർവ്വമായ സംഭവമാണ്. ഈ നേട്ടത്തോടെ ടിഎൻപിഎൽ ചരിത്രത്തിൽ ‘ഗോൾഡൻ ഹാട്രിക്’ നേടുന്ന ആദ്യ ബൗളറായി ദീപൻ ലിംഗേഷ് മാറി.
തുടർന്ന് ട്രിച്ചി ഇന്നിംഗ്സിൽ രണ്ട് ഗോൾഡൻ ഡക്കുകൾ കൂടി പിറന്നു. മണിമാരൻ സിദ്ധാർത്ഥ് ജാഫർ ജമാലിനെയും, ആർ ദിവാകർ അതിശയരാജ് ഡേവിഡ്സണെയുമാണ് പൂജ്യത്തിന് പുറത്താക്കിയത്. 4 വിക്കറ്റുകൾ വീഴ്ത്തിയ സിദ്ധാർത്ഥിന്റെ മികവിൽ ട്രിച്ചി ഗ്രാൻഡ് ചോളാസ് 99 റൺസിന് ഓൾഔട്ടായി.
ഈ വൻ വിജയത്തോടെ വിഡാ കോവൈ കിംഗ്സ് ടിഎൻപിഎൽ ഫൈനലിൽ പ്രവേശിച്ചു. ഓഗസ്റ്റ് 28-ന് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അവർ മധുര പാന്തേഴ്സിനെ നേരിടും.
ആദ്യ ഏഴ് ഓവറുകളിൽ ഓവറിൽ 10 റൺസ് തോതിൽ സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നും ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയതെന്നും വിഡാ കോവൈ കിംഗ്സ് ക്യാപ്റ്റൻ ഷാരൂഖ് ഖാൻ പറഞ്ഞു. അവസാന ഓവറുകളിൽ എതിർ ടീം മികച്ച രീതിയിൽ പന്തെറിഞ്ഞതിനാൽ കൂടുതൽ റൺസ് കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി നൗക്കൗട്ട് സമ്മർദ്ദത്തിൽ കളിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ടീം സജ്ജമാണെന്നും, ചെറുപ്പം മുതലേ കളിച്ച് വളർന്ന ചേപ്പോക്കിൽ ഫൈനൽ കളിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




