Oddly News

റെയിൽവേ പാലത്തിൽ അടിതെറ്റി ഒട്ടകം! ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ; അത്ഭുത രക്ഷപ്പെടൽ- വീഡിയോ

ഗുജറാത്തിലെ വൻസജാലിയ-റാണാവാവ് റെയിൽവേ പാതയിൽ ബ്രോഡ്‌ഗേജ് പാലത്തിനിടയിൽ ഒട്ടകം കുടുങ്ങിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ട്രാക്കിൽ ഒട്ടകം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് അടിയന്തിര ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തി.

തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഒട്ടകത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ട്രാക്കിനിടയിൽ പ്രയാസകരമായ സാഹചര്യത്തിൽ കുടുങ്ങിയതിനാൽ ഒട്ടകത്തെ പുറത്തെടുക്കാൻ ക്രെയിൻ എത്തിക്കേണ്ടി വന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.

ഗതാഗത തടസ്സം കാരണം പോർബന്തർ-സൗരാഷ്ട്ര എക്സ്പ്രസ്, പോർബന്തർ-രാജ്കോട്ട്, പോർബന്തർ-ഭാവ്നഗർ തുടങ്ങിയ നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ട്രെയിനുകൾ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

ലോക്കോ പൈലറ്റിന്റെ വേഗത്തിലുള്ള തീരുമാനം കാരണം മാത്രമാണ് വൻ ദുരന്തം ഒഴിവായത്. റെയിൽവേ പാലങ്ങളിലും ട്രാക്കുകളിലും മൃഗങ്ങൾ കയറുന്നത് ഉണ്ടാക്കുന്ന വലിയ അപകടസാധ്യത ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ഒട്ടകത്തെ സുരക്ഷിതമായി മാറ്റിയ ശേഷം ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കി സാധാരണ രീതിയിലുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.