ലിഫ്റ്റിന്റെയും പ്രെസ്റ്റോയുടെയും സഹസ്ഥാപകനായ രജത് സൂരി, തന്റെ മക്കൾ ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിൽ പോകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ പൂർവ്വവിദ്യാർത്ഥിയായ സൂരി, തന്റെ വ്യവസായ സംരംഭങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2008-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) സ്കോളർഷിപ്പോടു കൂടിയുള്ള പിഎച്ച്ഡി/എംബിഎ പഠനം ഉപേക്ഷിക്കുകയായിരുന്നു.
പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിലും, ഇത്തരം സ്ഥാപനങ്ങൾ ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മൂല്യം ഉണ്ടാക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വാട്ടർലൂവിൽ നിന്ന് രണ്ട് ബിരുദങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് എംഐടിയിൽ ചേർന്നതെന്നും, എന്നിട്ടും തന്റെ മക്കൾ കോളേജിൽ പോകേണ്ടതില്ലെന്നാണ് കരുതുന്നതെന്നും സൂരി വ്യക്തമാക്കി.
ക്ലാസ് മുറികളിലെ പഠനത്തേക്കാൾ തൊഴിൽ പരിചയമാണ് തനിക്ക് കൂടുതൽ പ്രയോജനം ചെയ്തതെന്ന് അദ്ദേഹം വാദിക്കുന്നു. എഐ (AI) ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൽ നന്നായി പഠിക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ കോളേജ് പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വാട്ടർലൂവിലെ പഠനകാലത്ത് ആറ് വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യാനും, വിവിധ തൊഴിൽ സംസ്കാരങ്ങൾ, മാനേജ്മെന്റ് രീതികൾ, ടീം വർക്കുകൾ, ബിസിനസ്സ് മോഡലുകൾ എന്നിവ നേരിട്ട് അനുഭവിക്കാനും കഴിഞ്ഞതാണ് തനിക്ക് ഏറ്റവും വലിയ അറിവ് നൽകിയതെന്ന് സൂരി പറഞ്ഞു. പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുള്ള വഴി കണ്ടെത്തിയെന്ന് ബോധ്യപ്പെട്ടതോടെയാണ് താൻ എംഐടിയിലെ പഠനം ഉപേക്ഷിച്ചതെന്നും, എഐ വഴി എളുപ്പത്തിൽ പഠിക്കാവുന്ന കാര്യങ്ങൾക്കായി ക്ലാസ് മുറികളിൽ സമയം കളയാതെ കുട്ടികൾക്ക് നേരിട്ട് തൊഴിൽ പരിചയം നൽകിക്കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.
സൂരിയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കോളേജ് പഠനം അനാവശ്യമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഒരു വിഭാഗം ആളുകൾ യോജിച്ചപ്പോൾ, കഴിവുള്ള മറ്റ് വ്യക്തികളുമായി സൗഹൃദമുണ്ടാക്കാനും നെറ്റ്വർക്കിംഗിനും ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കോളേജുകൾ നൽകുന്നതെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു. ബേ ഏരിയയിലെ മാതാപിതാക്കൾക്കിടയിൽ ഈ അഭിപ്രായം വലിയ സ്വീകാര്യത നേടുമെന്ന് ഒരാൾ കുറിച്ചപ്പോൾ, ഓരോ കുട്ടിയുടെയും വളർച്ചയ്ക്കനുസരിച്ചാണ് ഇത് തീരുമാനിക്കേണ്ടതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 17 വയസ്സുള്ള ചില കുട്ടികൾ മുതിർന്നവരെപ്പോലെ പെരുമാറുമ്പോൾ മറ്റു ചിലർക്ക് ആ പക്വത കാണില്ലെന്നും, സ്വതന്ത്രമായി ജീവിക്കാനും പക്വത നേടാനും അക്കാദമിക് പഠനത്തോടൊപ്പം കോളേജ് അന്തരീക്ഷം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് പഠനം എന്നത് വെറും പാഠപുസ്തക പഠനം മാത്രമല്ലെന്നും, അത് കുട്ടികളിൽ പക്വത, സാമൂഹിക പ്രതിബദ്ധത, അച്ചടക്കം, സ്വയം നിയന്ത്രണം എന്നിവ വളർത്താൻ സഹായിക്കുമെന്നും വേറൊരാൾ അഭിപ്രായപ്പെട്ടു. സമർത്ഥരും ലക്ഷ്യബോധമുള്ളതുമായ ആളുകൾക്കൊപ്പം സുരക്ഷിതമായ ഒരു അന്തരീക്ഷത്തിൽ വളരാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും കോളേജുകൾ സഹായിക്കുന്നുവെന്നും, ഇത് മറ്റ് രീതികളിൽ നേടിയെടുക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അനുഭവം പങ്കുവെച്ച മറ്റൊരു വ്യക്തി, താനും രണ്ട് ബിരുദങ്ങൾക്ക് ശേഷം എംഐടിയിലെ എംബിഎ പഠനം ഉപേക്ഷിച്ചയാളാണെന്നും, അടുത്ത 10 വർഷത്തേക്ക് തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ലെങ്കിലും തന്റെ മക്കൾക്ക് കോളേജ് പഠനം അത്ര അത്യാവശ്യമാണെന്ന് കരുതുന്നില്ലെന്നും കുറിച്ചു.




