ജാപ്പനീസ് സന്ദർശനത്തിനിടെ പണവും വീടിന്റെ താക്കോലും വിലപിടിപ്പുള്ള മൈക്രോഫോണും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതിക്ക് അനുഭവപ്പെട്ടത് അവിശ്വസനീയമായ കാര്യങ്ങളാണ്. സാധനങ്ങൾ ഇനി തിരികെ ലഭിക്കില്ലെന്ന് കരുതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അവർക്ക്, അപരിചിതനായ ആരോ ഒരാൾ അത് നേരത്തെ തന്നെ സ്റ്റേഷനിൽ ഏൽപ്പിച്ച വിവരമാണ് അറിയാൻ കഴിഞ്ഞത്.
വാടകയ്ക്കെടുത്ത സൈക്കിളിൽ സുഹൃത്തിനൊപ്പം ഒരു റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് സോനം മിധ എന്ന യുവതിക്ക് ഈ അനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ കയറുന്നതിന് മുൻപ് സോനം തന്റെ പേഴ്സ് സൈക്കിളിന്റെ കുട്ടയിൽ വെച്ചിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം പുറത്തുവന്നപ്പോഴാണ് പേഴ്സ് അവിടെയില്ലെന്ന കാര്യം ശ്രദ്ധിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയോളം തനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു എന്ന് അവർ ഓർത്തെടുക്കുന്നു. അവരും സുഹൃത്തും ചേർന്ന് പരിസരത്തെല്ലാം തിരഞ്ഞെങ്കിലും പേഴ്സ് കണ്ടെത്താനായില്ല.
പണവും താക്കോലും വിലകൂടിയ മൈക്രോഫോണും ഉണ്ടായിരുന്നതിനാൽ ആരോ അത് മോഷ്ടിച്ചതായിരിക്കും എന്നാണ് അവർ കരുതിയത്. തുടർന്ന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം അവരെ അത്ഭുതപ്പെടുത്തി. പേഴ്സിന്റെ അടയാളങ്ങളും അതിനുള്ളിലെ സാധനങ്ങളും വിവരിച്ചപ്പോൾ, അല്പം മുൻപ് ആരോ അത്തരമൊരു പേഴ്സ് കൊണ്ടുകൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അത് പരിശോധിച്ചപ്പോൾ സോനത്തിന് തന്റെ സ്വന്തം പേഴ്സ് തന്നെയായിരുന്നു അത്.
പേഴ്സിലുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെടാതെ സുരക്ഷിതമായിരുന്നു. പേഴ്സ് കണ്ടെത്തിയ വ്യക്തി അത് അതുപോലെ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഈ അപൂർവ്വ സത്യസന്ധത സോനത്തെ ഏറെ വികാരഭരിതയാക്കി. ജപ്പാനിലെ ആളുകൾ എത്ര കരുണയുള്ളവരാണെന്നും അവിടെ മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞ അവർ ജപ്പാനോട് നന്ദി അറിയിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ തന്നെയും പ്രതീക്ഷിച്ച് ഒരു ഉദ്യോഗസ്ഥൻ നിൽക്കുന്നത് ഈ വർഷത്തെ പ്ലാനുകളിൽ ഉള്ളതായിരുന്നില്ലെന്നും ജപ്പാനെ ഏറെ സ്നേഹിക്കുന്നു എന്നും പിന്നീട് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.




