ചെന്നൈ: ചെന്നൈയിൽ യുവതി കൊല്ലപ്പെട്ടത് പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധം പ്രതിയുടെ പങ്കാളി കണ്ടുപിടിച്ചതിനെ തുടർന്നാണെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരെ മണിപ്പൂരിൽ നിന്ന് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
താംബരത്തിനടുത്തുള്ള ഗുഡുവാഞ്ചേരിയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. അതിനുശേഷം ശരീരഭാഗങ്ങൾ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും തലയൊഴികെയുള്ള മറ്റ് ഭാഗങ്ങൾ ബിരിയാണിച്ചെമ്പിലാക്കി അടച്ചുവെക്കുകയുമായിരുന്നു. ഓഗസ്റ്റ് 5-നാണ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിച്ച നിലയിൽ ശരീരഭാഗങ്ങളടങ്ങിയ പെട്ടി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുഡുവാഞ്ചേരിയിലെ വീട്ടിൽ ബിരിയാണിച്ചെമ്പിലാക്കിയ നിലയിൽ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തിയത്.
ഭർത്താവുമായും കുടുംബവുമായും അകന്നു കഴിയുകയായിരുന്ന ഹയാതുൻ നിഷ, മാണിക് ഉദീന്റെയും ഭഗവതി മാജിയുടെയും ഒപ്പമാണ് ഗുഡുവാഞ്ചേരിയിൽ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു നിഷ. ഹയാതുൻ നിഷയും മാണിക് ഉദീനും തമ്മിലുണ്ടായിരുന്ന രഹസ്യബന്ധം ഭഗവതി മാജി കണ്ടുപിടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി നൽകിയ മൊഴിയെന്നാണ് സൂചന. അതേസമയം, കൊല്ലപ്പെട്ട നിഷയുടെ തല കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




