
കോര്‍പ്പറേറ്റ് രംഗത്തെ ഒരു യുവാവിന്റെ വിചിത്രമായ പെരുമാറ്റദൂഷ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. വെറും 1500 രൂപയുടെ ഒരു ഹെല്‍മറ്റ് ഒരാളുടെ കരിയര്‍ തകര്‍ക്കുമോ ? ഒരു സീനിയര്‍ ജീവനക്കാരന്റെ കാര്യത്തില്‍ ഉത്തരം ‘അതെ’ എന്നാണ്. തന്റെ ഹെല്‍മറ്റ് ഓഫീസിലെ പാര്‍ക്കിംഗില്‍ നിന്ന് മോഷണം പോയതും പകരം തകര്‍ന്ന ഒരെണ്ണം അവിടെ വെച്ചതും വിവരിച്ചു കൊണ്ട് ഒരു ഐടി പ്രൊഫഷണല്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പല വകുപ്പുകളില്‍ അന്വേഷിച്ച ഒടുവില്‍ ഒരു സീനിയര്‍ സഹപ്രവര്‍ത്തകനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് സീനിയര്‍ ജീവനക്കാരനെ കമ്പനി നോട്ടീസ് പിരീഡിലാക്കുകയും ബ്ലാക്ക്ലിസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് ജൂനിയര്‍ ടെക്കി റെഡിറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
‘സാധാരണ ദിവസത്തെപ്പോലെ രാവിലെ 11:30-ന് ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹെല്‍മറ്റ് മിററില്‍ തൂക്കി (എന്റെ ഒന്നാമത്തെ തെറ്റ് അതായിരുന്നു-ഇതുവരെ ഒന്നും സംഭവിക്കാത്തതു കൊണ്ട് ഞാന്‍ ഹെല്‍മറ്റ് ലോക്ക് ചെയ്യാറില്ലായിരുന്നു). വൈകുന്നേരം 6 മണിക്ക് തിരിച്ചെത്തിയപ്പോള്‍ എന്റെ ഹെല്‍മറ്റ് കാണാനില്ല. പകരം അവിടെ മറ്റൊരു ഹെല്‍മറ്റ് ഇരിക്കുന്നു. അത്യാവശ്യം നല്ല ഡെന്റുള്ള, വൈസര്‍ പൂര്‍ണ്ണമായും തകര്‍ന്ന ഒരു പഴയ ഹെല്‍മറ്റായിരുന്നു അത്,’ -യുവാവ് കുറിയ്ക്കുന്നു.
”ഇതൊരു അബദ്ധമല്ല, മറിച്ച് മനഃപൂര്‍വ്വം ചെയ്തതാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന് ഉടന്‍ തന്നെ അധികൃതരുടെ സഹായം തേടി. ഒരാഴ്ചയോളം ഇമെയിലുകളും ഫോളോ-അപ്പുകളുമായി പല ഡിപ്പാര്‍ട്ട്മെന്റുകള്‍ കയറിയിറങ്ങി. ഒടുവില്‍, പാര്‍ക്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എച്ച്ആര്‍ (HR) അല്ല, ട്രാന്‍സ്പോര്‍ട്ട് ടീമാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരെ ബന്ധപ്പെട്ടപ്പോള്‍, കാമ്പസിനുള്ളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡാഷ് ക്യാമറകളുള്ള ഷട്ടില്‍ സര്‍വീസുകള്‍ അവിടെയുണ്ടെന്ന് അറിഞ്ഞു.’
ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഹെല്‍മറ്റിനെക്കുറിച്ച് വിവരം ലഭിച്ചു. ‘എന്റെ ഹെല്‍മറ്റ് എടുത്തത് മറ്റൊരു ജീവനക്കാരനാണെന്ന് ഞാന്‍ കണ്ടെത്തി-വയസ്സുകൊണ്ട് എന്നേക്കാള്‍ മുതിര്‍ന്നയാള്‍, ഏകദേശം 35-40 വയസ്സ് കാണും. അദ്ദേഹം അവിടെ 4 വര്‍ഷമായി ജോലി ചെയ്യുന്നു, കൂടാതെ പല കമ്പനികളില്‍ പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇതിന്റെ ഫലം അദ്ദേഹത്തെ നോട്ടീസ് പിരീഡിലാക്കി, കൂടാതെ ബ്ലാക്ക്ലിസ്റ്റിലും ഉള്‍പ്പെടുത്തി. എന്റെ ഹെല്‍മറ്റ് ഏതെങ്കിലും വലിയ പ്രീമിയം ബ്രാന്‍ഡ് ഒന്നുമല്ല, വെറും 1500 രൂപയേ അതിന് വിലയുള്ളൂ.’ – യുവാവ് കുറിച്ചു.



