Lifestyle

ചൈനീസ് വിദ്യാർത്ഥിനിയുടെ ഭരതനാട്യം ഗംഭീരം; ഇന്റർനെറ്റ് പ്രശംസകൊണ്ട് മൂടുന്നു

തമിഴ് നാട്ടില്‍ വേരുകളുള്ള ഇന്ത്യന്‍ നൃത്തരൂപമായ ഭരതനാട്യത്തിന് വിദേശത്തും അനുകര്‍ത്താക്കളും ആരാധകരും എറെയാണ്. ഇപ്പോഴിതാ
ചൈനീസ് വിദ്യാർത്ഥിനിയായ 17 വയസ്സുകാരി ഷാങ് ജിയായുവാൻ (റിയ) ഭരതനാട്യത്തില്‍ തന്റെ അരങ്ങേറ്റം നടത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചൈനീസ് വിദ്യാർത്ഥിനിയാണ് റിയ. ബെയ്ജിംഗിൽ വെച്ചാണ് റിയയുടെ അരങ്ങേറ്റം നടന്നത്.

എന്താണ് അരങ്ങേറ്റം ?

അരങ്ങേറ്റം എന്നത് ആദ്യവേദി എന്ന് അർത്ഥം വരുന്ന ഒരു സംസ്‌കൃത പദമാണ്. ഭരതനാട്യം പഠിക്കുന്ന ഒരു നർത്തകിയുടെ ആദ്യത്തെ സോളോ സ്റ്റേജ് അവതരണമാണിത്. വർഷങ്ങളുടെ കഠിനമായ പരിശീലനത്തിന് ശേഷം, ഒരു വിദ്യാർത്ഥിക്ക് സ്വതന്ത്രമായി നൃത്തം അവതരിപ്പിക്കാന്‍ കഴിയുന്ന അവസരം. നർത്തകരെ സംബന്ധിച്ചിടത്തോളം ഇത് വഴിത്തിരിവാണ്.

അഞ്ചാം വയസ്സിലാണ് റിയക്ക് ഭരതനാട്യത്തിൽ താൽപ്പര്യം തോന്നിയത്. 12 വയസ്സായപ്പോൾ, പ്രശസ്ത ഇന്ത്യൻ ഗുരുവായ ലീല സാംസന്റെ ശിഷ്യയായ ഭരതനാട്യം കലാകാരി ജിൻ ഷാൻ ഷാൻ നയിക്കുന്ന ബെയ്ജിംഗിലെ ഒരു പ്രത്യേക സ്കൂളിൽ റിയ ചേർന്നു. അരങ്ങേറ്റത്തിനായി തയ്യാറെടുക്കുന്നത് എളുപ്പമായിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ദിവസവും ഏകദേശം അഞ്ച് മണിക്കൂറോളം റിയ പരിശീലിച്ചിരുന്നു.

ബെയ്ജിംഗിൽ നടന്ന അവളുടെ അരങ്ങേറ്റം കാണാൻ ഇന്ത്യയുടെ ഡെപ്യൂട്ടി അംബാസഡറായ അഭിഷേക് ശുക്ലയെപ്പോലുള്ള പ്രമുഖർ ഉൾപ്പെടെ ധാരാളം ആളുകൾ എത്തിയിരുന്നു. അരങ്ങേറ്റത്തിന് ശേഷം വികാരാധീനയായി റിയ തന്റെ ഗുരുവിനെ കെട്ടിപ്പിടിച്ചു, ഈ നേട്ടത്തെ “ഒരു സ്വപ്നം യാഥാർത്ഥ്യമായതിന് തുല്യം” എന്നാണ് റിയ വിശേഷിപ്പിച്ചത്.

ചൈനയിൽ വളരുന്ന ഭരതനാട്യത്തിൻ്റെ പൈതൃകം

തമിഴ്‌നാട്ടിൽ വേരുകളുള്ള ഭരതനാട്യം, 1950-കൾ മുതലാണ് ചൈനയിൽ പ്രചാരത്തിലാകുന്നത്. പരേതയായ ചൈനീസ് നർത്തകി ഷാങ് ജുൻ (1933-2012), ഇന്ത്യ സന്ദർശിച്ചതിന് ശേഷം ഭരതനാട്യം, കഥക്, ഒഡീസി തുടങ്ങിയ നൃത്തരൂപങ്ങൾ പഠിച്ച്, അവ ചൈനയിൽ പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുത്തു. അവരുടെ താൽപ്പര്യം ഈ നൃത്തരൂപങ്ങളെ ചൈനയിൽ സംരക്ഷിക്കാൻ മാത്രമല്ല, ഭാവി തലമുറയിലെ കലാകാരന്മാരെ പ്രചോദിപ്പിക്കാനും സഹായിച്ചു.

അവരുടെ ശിഷ്യയായിരുന്നു ജിൻ ഷാൻ ഷാൻ. ലോകത്തിലെ പ്രമുഖ ക്ലാസിക്കൽ ഇന്ത്യൻ കലാ പഠന സ്ഥാപനങ്ങളിലൊന്നായ ചെന്നൈയിലെ കലൈക്ഷേത്ര ഫൗണ്ടേഷനിൽ വെച്ച് ജിൻ ലീല സാംസന്റെ കീഴിൽ പരിശീലനം നേടി. ഷാങ് ജുൻ്റെ പൈതൃകം നിലനിർത്തിക്കൊണ്ട് ജിൻ നിരവധി യുവ ചൈനീസ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.

ആദ്യത്തെ ചൈനീസ് അരങ്ങേറ്റം അവതരിപ്പിച്ച നർത്തകി

കഴിഞ്ഞ വർഷം, ലീല സാംസന്റെ മുന്നിൽ അരങ്ങേറ്റം അവതരിപ്പിച്ച, ചൈനയിൽ പരിശീലനം നേടിയ ആദ്യത്തെ ചൈനീസ് വിദ്യാർത്ഥിനിയായി 13 വയസ്സുകാരിയായ ലെയ് മുസി മാറി. ലെയുടെ അരങ്ങേറ്റം, യുവ ചൈനീസ് നർത്തകർ ഇന്ത്യയുടെ സമ്പന്നമായ കലാ പാരമ്പര്യത്തെ സ്വീകരിക്കുന്ന ഒരു പുതിയ സാംസ്കാരിക വിനിമയത്തിന് തുടക്കം കുറിച്ചു.