ഒഡീഷയിലെ ഡി ബെർഹാംപൂരിൽ 24 കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള കത്തിയുടെ ഭാഗങ്ങൾ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാരുടെ വിദഗ്ധ സംഘം.
ബംഗളൂരുവിൽ ഒരു അജ്ഞാതന്റെ കുത്തേറ്റതിന് പിന്നാലെ കത്തിയുടെ മൂർച്ചയുള്ള ഒരു കഷ്ണം മൂന്ന് വർഷത്തിലേറെയായി ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങിപോകുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു.
ചൊവ്വാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് വലത് തോറാക്കോട്ടമി ഓപ്പറേഷൻ നടത്തി സന്തോഷ് ദാസിൻ്റെ ശ്വാസകോശത്തിൽ നിന്ന് മൂർച്ചയുള്ള കത്തി നീക്കം ചെയ്തത്.
സ്റ്റീൽ കത്തിക്ക് എട്ട് സെൻ്റീമീറ്റർ നീളവും 2.5 സെൻ്റീമീറ്റർ നീളവും 3 മില്ലിമീറ്റർ കനവും ഉണ്ടായിരുന്നു. ദാസിൻ്റെ ഓപ്പറേഷൻ സങ്കീർണതകളില്ലാതെ നടത്തിയെന്നും അദ്ദേഹം ഇപ്പോൾ ഐസിയുവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഡോ. ശാരദ പ്രസന്ന സാഹു പിടിഐയോട് പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ബംഗളൂരുവിൽ കൂലിപ്പണി ചെയ്തിരുന്ന തനിക്ക് കുത്തേറ്റതിന് ശേഷമാണ് കത്തി ശരീരത്തിൽ കയറിയതെന്ന് സന്തോഷ് ദാസ് വെളിപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തുടർന്നുള്ള രണ്ട് വർഷം ആരോഗ്യവാനായിരുന്നു. എന്നാൽ ഏകദേശം ഒരു വർഷം മുമ്പ്, അദ്ദേഹത്തിന് വരണ്ട ചുമയും പനിയും ബാധിച്ചു. എന്നാൽ അത് ക്ഷയരോഗമാണെന്ന് ഓർത്ത് ഇയാൾ ക്ഷയരോഗത്തിൻ്റെ ഒമ്പത് മാസത്തെ ചികിത്സയും പൂർത്തിയാക്കി. ഇത്രയൊക്കെ ചികിത്സിച്ചിട്ടും അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല.
ഒടുവിൽ ശക്തമായ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ വലതു ശ്വാസകോശത്തിൽ അന്യവസ്തു കണ്ടെത്തുകയും സിടി സ്‌കാൻ, ബ്രോങ്കോസ്‌കോപ്പി എന്നിവ നടത്തിയ ശേഷം അതിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ആയിരുന്നു. അങ്ങനെ “സിടിവിഎസ്, അനസ്തേഷ്യ വിഭാഗങ്ങളിലെ എട്ടോളം ഡോക്ടർമാരും നഴ്‌സിംഗ് ഓഫീസർമാരും പാരാ മെഡിക്കൽ സ്റ്റാഫും ചേർന്ന് ശസ്ത്രക്രിയ നടത്തി മൂർച്ചയുള്ള ലോഹക്കഷണം വിജയകരമായി നീക്കം ചെയ്തു,. കത്തിയുടെ ഭാഗങ്ങൾ ശസ്ത്രക്രിയ സമയത്ത് മറ്റു ഭാഗങ്ങളെ മുറിവേൽപ്പിക്കാതിരുന്നതും ഡോക്ടർമാരെ അതിശയിപ്പിച്ചു.