Sports

ആരാധകരെ ഞെട്ടിച്ച് WWE ഇതിഹാസം ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: റസിൽമാനിയ 41 ലെ മത്സരത്തിന് ശേഷം താന്‍ മത്സരരംഗത്തുനിന്ന് വിരമിക്കുമെന്ന് 16 തവണ WWE (വേൾഡ് റെസ്ലിംഗ് എന്റർടൈൻമെന്റ്) ചാമ്പ്യനായ ജോൺ സീന. ടൊറന്റോയിലെ സ്കോട്ടിയാ ബാങ്ക് അരീനയിൽ നടന്ന മണി ഇൻ ദി ബാങ്ക് ഇവന്റിലാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. റസിൽമാനിയ 41 തന്റെ അവസാന മത്സരമായിരിക്കുമെന്നും സീന പറഞ്ഞു.

2025-ൽ സീനയുടെ റിട്ടയർമെന്റ് നടക്കുമെന്ന് സ്ഥിരീകരിക്കുന്ന വാർത്ത WWE എക്സില്‍ പങ്കിട്ടിരുന്നു. 2025 ഏപ്രിൽ 19, 20 തീയതികളിൽ ലാസ് വെഗാസിൽ റെസിൽമാനിയ 41 ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.അലെജിയന്റ് സ്റ്റേഡിയത്തിൽ രണ്ട് രാത്രികളായി നടക്കുന്ന റെസിൽമാനിയ 41-ല്‍ തന്റെ വിടവാങ്ങൽ ഉണ്ടാകുമെന്നു അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ എതിരാളികൾ ആരായിരിക്കുമെന്ന് സെന വ്യക്തമാക്കിയിട്ടില്ല.

‘‘ഇന്ന് രാത്രി ഞാൻ ഡബ്ല്യുഡബ്ല്യുഇയിൽ നിന്നുള്ള വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു,” സീന ജനക്കൂട്ടത്തോട് പറഞ്ഞു. പ്രഖ്യാപനത്തിന് മറുപടിയായി ജനക്കൂട്ടം ആഹ്ലാദപ്രകടനം നടത്തി. ആരാധകര്‍ക്ക് നന്ദി പറയാനും സീന മറന്നില്ല. റെസലിംഗിനു പുറമേ, ദി സൂയിസൈഡ് സ്ക്വാഡ് , ഫാസ്റ്റ് എക്സ്, ദി ഇൻഡിപെൻഡന്റ് തുടങ്ങിയസിനിമകളിലും സീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.