Featured Sports

അവസാന ഓവർവരെ ത്രില്ലർ പോരാട്ടം, മന്ദാന മാജിക്കില്‍ ആർസിബിക്ക് രണ്ടാം കിരീടം, നാലാംതവണയും ഫൈനലിൽ വീണ് ഡൽഹി

വഡോദര: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവില്‍ ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സിന്റെ ബോളർമാർ തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം കിരീടം. തുടർച്ചയായ നാലാം തവണയും ഫൈനലിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് ‘നിർഭാഗ്യവതികളുടെ’ ടീമായി മാറി. കിരീടം ബാംഗ്ലൂരിലേക്ക് വീണ്ടും എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു.

ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് 203 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ആര്‍.സി.ബി. കളി തീരാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായിക സ്മൃതി മന്ദാന (41 പന്തില്‍ മൂന്ന് സിക്‌സറും 12 ഫോറുമടക്കം 87), ജോര്‍ജിയ വോള്‍ (54 പന്തില്‍ 79) എന്നിവരാണു വിജയ ശില്‍പ്പികള്‍.

വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എത്താന്‍ ആര്‍സിബിക്ക് സാധിച്ചു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ നാലാം ഫൈനലിലും അടിയറവ് പറഞ്ഞിരിക്കുകയാണ്.

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് നായിക സ്മൃതി മന്ദാന ഡല്‍ഹിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായിക ജമീമ റോഡ്രിഗസിന്റെ മികവിലാണ് (37 പന്തില്‍ 57) ഡല്‍ഹി 200 കടന്നത്. ടൂര്‍ണമെന്റിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ഓപ്പണര്‍ ലീസലെ ലീ (30 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 37), ഷഫാലി വര്‍മ (13 പന്തില്‍ 20), ലോറ വോള്‍വാദ് (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 44) എന്നിവരും വെടിക്കെട്ടായി. ചിനെല ഹെന്റി 15 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35 റണ്ണുമായി പുറത്താകാതെനിന്നു.

ബംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് മികച്ച തുടക്കം നല്‍കിയാണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. മോശമല്ലാത്ത തുടക്കമാണ് ലിസെല്ലെയും ഷഫാലിയും ഡല്‍ഹിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 49 റണ്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ലിസെല്ലെയും വോള്‍വാതിനും ചേര്‍ന്ന്‌ 23 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. ആര്‍.സി.ബിക്ക്‌ വേണ്ടി സായാലി, അരുന്ധതി റെഡ്‌ഡി, നദൈന്‍ ഡിക്ല ര്‍ക്ക്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് ആദ്യ വിക്കറ്റായി ഗ്രേസ് ഹാരിസിനെ (9) വേഗത്തിൽ നഷ്ടമായത് തിരിച്ചടിയായെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് ഡൽഹി ബൗളർമാരെ നിലംപരിശാക്കി. രണ്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 92 പന്തിൽ 165 റൺസ് ചേർത്ത് അപരാജിത കൂട്ടുകെട്ടുയർത്തിയതോടെത്തന്നെ മത്സരം ബെംഗളൂരുവിന്റെ വരുതിയിലായിരുന്നു.

സ്കോർ 174 ൽ നിൽക്കെ ജോർ‌ജിയയെ ഷഫാലി വർമയുടെ കൈകളിലെത്തിച്ച് മലയാളി താരം മിന്നു മണി ഡൽഹിയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. പിന്നാലെ റിച്ച ഘോഷും (ആറ്) സ്മൃതിയും പുറത്തായെങ്കിലും ആർബിസിയുടെ വിജയത്തിനു തടയിടാൻ ഡൽഹിക്കു സാധിച്ചില്ല. അവസാന ആറു പന്തിൽ പത്തു റൺസ് മാത്രമായിരുന്നു ആർസിബിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. നദൈൻ ഡെ ക്ലാർക്കും (ഏഴ്), രാധാ യാദവും പുറത്താകാതെ നിന്നതോടെ രണ്ടു പന്തുകൾ ബാക്കി നിൽക്കെ ആർസിബി കിരീടത്തിലെത്തി. അവസാന ഓവറിലെ നാലാം പന്തിൽ ശ്രീചരണിയെ ബൗണ്ടറി കടത്തി രാധാ യാദവാണ് ആർസിബിയെ വിജയത്തിലെത്തിച്ചത്.

41 പന്തിൽ മൂന്ന് സിക്സും 12 ഫോറും സഹിതം 41 പന്തിൽ 87 റൺസ് നേടിയ സ്മൃതിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. ജോർജിയ വോൾ 54 പന്തിൽ 79 റൺസ് നേടി പുറത്തായി. 14 ഫോറുകൾ ചേർന്നതാണ് ഇന്നിങ്സ്.