Oddly News

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം; 96 ഹെവി ട്രക്കുകളുമായി ലോഡ് ടെസ്റ്റ് വിജയിച്ചു, 625 മീറ്റര്‍ ഉയരത്തില്‍ ഗ്രാന്‍ഡ് കാന്യോണ്‍ പാലം

ചൈനയിലെ 625 മീറ്റര്‍ ഉയരമുള്ള ഹുവജിയാങ് ഗ്രാന്‍ഡ് കാന്യോണ്‍ പാലം പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിനുള്ള അവസാന ഘട്ടവും പൂര്‍ത്തിയാക്കി. ഗുയിഷോ പ്രവിശ്യയിലെ മലനിരകള്‍ക്ക് മുകളിലുള്ള ഈ പാലം ‘അഭൂതപൂര്‍വമായ എന്‍ജിനീയറിങ് നേട്ടമായി’ പ്രശംസിക്കപ്പെടുന്നു. ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടന്ന കഠിനമായ സ്റ്റാറ്റിക് ലോഡ് ടെസ്റ്റില്‍ പാലം വിജയിച്ചു.

ഈ പരിശോധനയുടെ ഭാഗമായി, 3,360 മെട്രിക് ടണ്‍ ഭാരമുള്ള 96 വലിയ ട്രക്കുകള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് അതിന്റെ ഭാരം വഹിക്കാനുള്ള ശേഷി വിലയിരുത്തി. 400-ല്‍ അധികം സെന്‍സറുകള്‍ ഉപയോഗിച്ച് പാലത്തിന്റെ പ്രധാന സ്പാന്‍, ടവറുകള്‍, കേബിളുകള്‍, സസ്‌പെന്‍ഡറുകള്‍ എന്നിവയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിച്ചു. പാലത്തിന്റെ ബലവും, കാഠിന്യവും, മൊത്തത്തിലുള്ള പ്രകടനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എഞ്ചിനീയര്‍മാര്‍ സ്ഥിരീകരിച്ചു.

മൊത്തം 2,900 മീറ്റര്‍ നീളമുണ്ട്. ഇതിന്റെ പ്രധാന സ്പാന്‍ 1,420 മീറ്ററാണ്. കാന്യോണിന്റെ അടിത്തട്ടില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പൊതുജനങ്ങള്‍ ക്കായി തുറക്കുമ്പോള്‍, ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം, പര്‍വതപ്രദേ ശത്തെ ഏറ്റവും നീളം കൂടിയ സ്പാന്‍ പാലം എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കും.

സെപ്റ്റംബറില്‍ തുറക്കാന്‍ പോകുന്ന ഈ പാലം പ്രദേശത്തെ വിനോദസഞ്ചാരത്തെയും വികസനത്തെയും ഗണ്യമായി വര്‍ദ്ധിപ്പിക്കും. ലിയുഷിയും ആന്‍ലോംഗും തമ്മിലുള്ള യാത്രാസമയം രണ്ട് മണിക്കൂറില്‍ നിന്ന് വെറും രണ്ട് മിനിറ്റായി കുറയ്ക്കും. ലോക ത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് പാലങ്ങളില്‍ എട്ടും ചൈനയിലാണ്, അതും ഗുയിഷോ പ്രവിശ്യയില്‍ ആണെന്നതും ശ്രദ്ധേയമാണ്.