Crime Featured

വൈകല്യമുള്ള മകന്‍ പിശാചെന്ന്, അമ്മ കൊന്നു? രണ്ട് കോടി രൂപ വിലയിട്ട ‘കുറ്റവാളി’ ഇപ്പോള്‍ ഇന്ത്യയിൽ

എഫ്ബിഐ തിരയുന്ന മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പത്ത് പേരില്‍ ഇന്ത്യയുമായി ബന്ധമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സ്ത്രീയും. ഇന്ത്യയുമായും മെക്‌സിക്കോയുമായും ബന്ധമുള്ള, ശാരീരിക വൈകല്യമുള്ള ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുഎസ് പൗരയായ സിന്‍ഡി റോഡ്രിഗസ് സിങ്ങിനെയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മോസ്റ്റ് വാണ്ടഡില്‍ പെടുത്തിയിരിക്കുന്നത്.

2023 മാര്‍ച്ച് 22 ന് ടെക്‌സാസിലാണ് ഇവരെ അവസാനമായി കണ്ടത്. ഭര്‍ത്താവ് അര്‍ഷ്ദീപ് സിംഗിനും ആറ് കുട്ടികള്‍ക്കുമൊപ്പം ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറുമ്പോഴായിരുന്നു അത്. എന്നാല്‍ ഭര്‍ത്താവ് അര്‍ഷ്ദീപ് സിംഗും ആറ് കുട്ടികളും വിമാനത്തില്‍ കയറിയെങ്കിലും ആറുവയസുകാരന്‍ നോയല്‍ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 25,000 ഡോളറില്‍ നിന്നും 250,000 ഡോളറായി കൂട്ടുകയും ചെയ്തിട്ടുണ്ട്.

2022 ഒക്ടോബര്‍ മുതല്‍ ശാരീരിക വൈകല്യമുള്ള ഇവരുടെ മകന്‍ നോയലിനെ കാണാനില്ലെന്ന് അധികൃതര്‍ കണ്ടെത്തി. ഇവര്‍ സ്വന്തം മകനെ പീഡിപ്പിച്ചിരുന്നതായും വൈകല്യമുള്ള മകന്‍ പിശാചാണെന്നും, പ്രേതബാധ കയറിയവനാണെന്നും പുതിയതായി തനിക്കുണ്ടായ ഇരട്ടക്കുട്ടികളെ നോയല്‍ കൊല്ലുമെന്നും സിംഗ് വിശ്വസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോയല്‍ തന്റെ നവജാത ഇരട്ടകളെ ‘വേട്ടയാടുമെന്ന്’ ഭയപ്പെട്ടിരുന്നതായി സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

നോയലിന് വിട്ടുമാറാത്ത ശ്വാസകോശ രോഗം​ ഉള്‍പ്പെടെയുള്ള ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. നോയലിനോട് ക്രൂരമായിട്ടായിരുന്നു സിംഗ് ഇടപെട്ടിരുന്നത്. അവന്റെ ഡയപ്പര്‍ മാറ്റാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിന് പുറമേ അവനെ പട്ടിണിക്കിട്ടും പീഡിപ്പിച്ചു. ദാഹിച്ചു വലഞ്ഞ് നോയല്‍ വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ സിന്‍ഡി താക്കോല്‍ കൊണ്ട് നോയലിന്റെ മുഖത്ത് അടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

2023 മാര്‍ച്ച് 20 ന്, ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി ആന്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിന്റെ അഭ്യര്‍ത്ഥനപ്രകാരം, എവര്‍മാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ നോയലിനായി ഒരു ക്ഷേമ പരിശോധന നടത്തിയപ്പോള്‍ കുട്ടി തന്റെ പിതാവിനൊപ്പം മെക്‌സിക്കോയിലാണ് താമസിക്കുന്നതെന്നും 2022 നവംബര്‍ മുതല്‍ അവിടെയുണ്ടെന്നും സിംഗ് കള്ളം പറഞ്ഞു.

നോയലിന് എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് സിംഗ് വ്യത്യസ്ത ആളുകളോട് പരസ്പരവിരുദ്ധമായ കഥകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിയസ്റ്റ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗ് സ്ഥലത്തെ ഒരു സ്ത്രീക്ക് നോയലിനെ ‘വിറ്റു’ എന്ന് അവര്‍ പറഞ്ഞു, എന്നാല്‍ ആ കഥയെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തലേദിവസം അര്‍ഷ്ദീപ് പുറത്തെ ഒരു മാലിന്യക്കൂമ്പാരത്തില്‍ ഒരു പരവതാനി ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.

2023 ഒക്ടോബര്‍ 31-ന്, ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തിലെ ടാരന്റ് കൗണ്ടിയിലെ ജില്ലാ കോടതി സിങ്ങിനെതിരെ വധശിക്ഷ വിധിക്കാവുന്ന കൊലപാതകക്കുറ്റം ചുമത്തി. 2024 ഓഗസ്റ്റ് 29-ന്, അവളുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങള്‍ക്ക് എഫ്ബിഐ 25,000 വരെ പാരിതോഷികം പ്രഖ്യാപിച്ചു. ഇപ്പോള്‍ ‘എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ സിന്‍ഡി റോഡ്രിഗസ് സിംഗിനെ ഉള്‍പ്പെടുത്തി ഇനാം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.