ഭര്‍ത്താവിന്റെ അമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ഭാര്യ. ഭാര്യാമാതാവും ഭാര്യയും നിരന്തരം വഴക്കുണ്ടാക്കിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. റേഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാറാണ് ഭാര്യവീട്ടുകാരുടെ സമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കിയത് . ഫരീദാബാദിലാണ് സംഭവം.
ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽനിന്നും താഴേക്ക് ചാടിയാണ് യോഗേഷ് ജീവനൊടുക്കിയത്. യോഗേഷിന്റെ അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗേഷിന്റെ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യോഗേഷ് കുമാര്‍ 9 വര്‍ഷം മുന്‍പാണ് നേഹ റാവത്തിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ആറുവയസുളള കുഞ്ഞുമുണ്ട്. രണ്ടുപേരും ജോലിക്കു പോകുന്തിനാല് കുഞ്ഞിനെ വേണ്ടവിധം ശ്രദ്ധിക്കാനാകുന്നിലെന്ന പരാതി യോഗേഷിനുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ നോക്കാന്‍ തന്റെ അമ്മയെ കൂടെനിര്‍ത്താം എന്ന് യോഗേഷ് നേഹയെ അറിയിച്ചു. എന്നാല്‍ ഇതിന് നേഹ എതിരായിരുന്നു. ഭര്‍തൃ മാതാവ് കൂടെ നില്‍ക്കുന്നത് ഇഷ്ടമല്ലെന്നും നേഹ പറഞ്ഞു.
എന്നാല്‍ 9 മാസങ്ങള്‍ക്ക് മുന്‍പ് യോഗേഷ് കുഞ്ഞുമായി പേൾ സൊസൈറ്റി അപാർട്മെന്റിലേക്ക് താമസം മാറിയിരുന്നു. നേഹയ്ക്ക് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാനാകാത്തതിനാല്‍ നേഹ നോയിഡയില്‍ തന്നെ തുടര്‍ന്നു. ഈ സമയം കുഞ്ഞിനെ നോക്കാനായി യോഗേഷ് അമ്മയെ വിളിച്ചുവരുത്തി. ഒരുമാസത്തിനിപ്പുറം യോഗേഷുമായി താമസിക്കാന്‍ പേൾ സൊസൈറ്റി അപാർട്മെന്റിലെത്തിയ നേഹ ഭര്‍തൃമാതാവിനെ ഉടന്‍ വീട്ടില്‍ നിന്നും പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങളുണ്ടായി. നേഹയെ പിന്തുണച്ച് സഹോദരന്മാർ എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നേഹ സഹോദരങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടിലുണ്ടായ പ്രശ്നങ്ങളും ഭാര്യ പിണങ്ങിപ്പോയതുമെല്ലാം യോഗേഷിനെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് അമ്മാവന് നല്കിയ പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ച്ചയോടെ നേഹയെ വീട്ടില്‍ പോയി കൂട്ടിക്കൊണ്ടുവന്ന യോഗേഷ് നേഹയെ ഇരുവരും ആദ്യം താമസിച്ച നോയിഡയിലെ താമസസ്ഥലത്ത് എത്തിച്ചു. അവിടെ നിന്നും ഇറങ്ങിയ യോഗേഷ് നേരെ പോയത് പേൾ സൊസൈറ്റി അപാർട്മെന്റിലേക്കാണ്. അവിടെത്തിയ യോഗേഷ് കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യോഗേഷിന്റെ മരണത്തില്‍ ഭാര്യ നേഹയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.




