ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചുവന്നിരുന്ന സ്‌ത്രീ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
കൊലപാതകക്കുറ്റം ഭര്‍ത്താവിനുമേല്‍ കെട്ടി വയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഇതു കളവാണെന്നു ബോധ്യപ്പെട്ട പോലീസ് യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു സംഭവം.
റോഷി ഖാനാണ് അറസ്‌റ്റിലായത്. പരിഭ്രാന്തി നിറഞ്ഞ ശബ്‌ദത്തില്‍ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് തന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്നറിയിച്ചു. എന്തിനാണു കൊലപ്പെടുത്തിയതെന്ന് പോലീസുകാര്‍ ആരാഞ്ഞപ്പോള്‍, ഇരുവരും വഴക്കിടുന്നുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്നും സ്‌ത്രീ പറഞ്ഞു. എന്നാല്‍ ഈ കഥയ്‌ക്ക് യാതൊരു അടിസ്‌ഥാനവുമില്ലെന്നു പോലീസ് കണ്ടെത്തി.
സ്‌ത്രീ പോലീസിനോട് കളവ് പറഞ്ഞതായും വ്യക്‌തമായി. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നു അദ്ദേഹവുമായി വേര്‍പിരിഞ്ഞ് കാമുകനായ ഉദിത് ജയ്‌സ്വാളിനൊപ്പമാണ് യുവതി താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്‌ച രാത്രി വൈകിയാണ് ഭര്‍ത്താവ് വീട്ടിലെത്തിയത്. ആ സമയത്ത് കാമുകന്‍ ഉദിത് ജയ്‌സ്വാള്‍ സ്‌ഥലത്തുണ്ടായിരുന്നില്ല. ദമ്പതികള്‍ തന്നെ വഴക്കുണ്ടാക്കുകയും ഭര്‍ത്താവിനെ കുടുക്കാന്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തുവെന്നു പോലീസ് പറഞ്ഞു.




