ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്നും ശിവേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് കൃത്യം നടത്തിയതെന്നും കണ്ടെത്തിയത്.
വസ്തു ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സ്ഥലം വാങ്ങാനായി അഞ്ജലി നേരത്തേ ആറുലക്ഷം രൂപ ശിവേന്ദ്ര യാദവിന് നല്‍കിയിരുന്നതായാണ് കുടുംബം പറയുന്നത്. തുടര്‍ന്ന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. ഇതിനുശേഷം പ്രതികള്‍ യുവതിയെ മദ്യം കുടിപ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം കത്തിച്ച് പുഴയില്‍ ഉപേക്ഷിച്ചെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം പ്രതി പിതാവിനെയും ഭാര്യയെയും വീഡിയോകോള്‍ ചെയ്തിരുന്നതായും പോലീസ് പറയുന്നുണ്ട്. ഇരുവര്‍ക്കും മൃതദേഹം വീഡിയോകോളില്‍ കാണിച്ചുനല്‍കിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.