വിവാഹത്തട്ടിപ്പ് കേസില്‍ യുവതി അറസ്‌റ്റില്‍. ചെറിയനാട് ഭാഗത്തുള്ള യുവാവിനെ വിവാഹം കഴിച്ചശേഷം താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പൂനെയിലെ ജോലിസ്‌ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ സംഭവത്തിലാണ് പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ ശാലിനി(40)യെ അറസ്‌റ്റ് ചെയ്‌തത്.
കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിനായി നല്‍കിയ വൈവാഹിക പരസ്യത്തില്‍നിന്നു ഫോണ്‍ നമ്പരെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും നീണ്ട നാളത്തെ ബന്ധം സ്‌ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ ഒറ്റപ്പാലത്തുള്ള വീട്ടിലെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം അന്നു തന്നെ ചെറിയനാട്ടേക്ക് വന്ന് തൊട്ടടുത്ത ദിവസം ജനുവരി 20ന് വിവാഹം നടത്തുകയായിരുന്നു. വിവാഹിതയായി മൂന്നു ദിവസം ചെറിയനാട്ടുള്ള വീട്ടില്‍ താമസിച്ചശേഷമാണു പണവും സ്വര്‍ണവും വിദേശത്തുനിന്നും കൊണ്ടുവന്ന പെര്‍ഫ്യൂമുകളും മറ്റുമെടുത്ത് ഇവര്‍ മുങ്ങിയത്.
പൂനെയിലെ ജോലി സ്‌ഥലത്ത് പോകണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച യുവതിയെ വിവാഹത്തിന്റെ മൂന്നാം നാള്‍ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിട്ടതാണ്. അതിനുശേഷം ഇവര്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു. സംശയം തോന്നിയ യുവാവും മാതാവും സഹോദരിയും കൂടി പരിശോധിച്ചപ്പോള്‍ വീട്ടില്‍നിന്നും പണം നഷ്‌ടപ്പെട്ടതായും പൂനെയില്‍നിന്നു തിരിച്ചു വരുന്നതുവരെ സൂക്ഷിക്കണമെന്നു പറഞ്ഞ് പരാതിക്കാരിയെ ഏല്‍പിച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നും കണ്ടെത്തുകയായിരുന്നു. യൂട്യൂബില്‍ പരിശോധിച്ച വരന്റെ സഹോദരിയാണ് തട്ടിപ്പുകാരിയാണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
2011ല്‍ ഇവര്‍ക്കെതിരെ സമാനമായ കുറ്റത്തിന് ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് എടുത്തിരുന്നു. അതിനുശേഷം നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് നിരവധി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പുരുഷന്‍മാരുമായി ഫോണ്‍ വഴി ബന്ധം സ്‌ഥാപിച്ച് അവരില്‍നിന്നു പണം തട്ടിയെടുക്കുകയോ വിവാഹത്തിന് താല്‍പര്യപ്പെടുന്നവരുമായി വിവാഹം കഴിച്ചശേഷം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അവരെ ചതിച്ച് പണവും സ്വര്‍ണവുമായി മുങ്ങിക്കളയുകയോ ആണ് രീതി.
കബളിപ്പിക്കപ്പെട്ടവര്‍ അപമാനഭയം കാരണം പുറത്തു പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. ഇതാണ് പ്രതിക്കു രക്ഷയാകുന്നത്. കൊട്ടാരക്കര സ്വദേശിയായ യുവതി വളരെക്കാലത്തിനു മുമ്പ് ഒറ്റപ്പാലം ഭാഗത്ത് വീടും വസ്‌തുവും വാങ്ങി താമസമാക്കിയതാണ്. വളരെ നാളത്തെ ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞത്.
പ്രാദേശിക വ്യക്‌തിയുടെ സഹായത്തോടെ അരൂരില്‍ വീട് വാടകയ്‌ക്കെടുത്ത് വൈക്കം സ്വദേശിയായ മറ്റൊരു പുരുഷനൊപ്പം രണ്ടു മാസമായി താമസിച്ചു വരുന്നതിനിടയാണ് ഇന്നലെ ഇവര്‍ പോലീസിന്റെ പിടിയിലായത്. ഇവരെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
എസ്.ഐ. പ്രദീപ്. എസ്, അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ഹരി കുമാര്‍, ശ്രീകല, സി.പി.ഒമാരായ മിഥിലാജ്, ഹരീഷ്, അജീഷ് കരീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




