മല്ലപ്പള്ളി: ആശാപ്രവര്‍ത്തകയെ തീവച്ച് പൊള്ളലേല്‍പ്പിച്ച ശേഷം പോലീസുകാരന്റെ ഭാര്യ പണവും സ്വര്‍ണവും കവര്‍ന്നത് കനത്ത കടബാധ്യതയെ തുടര്‍ന്നെന്ന് പോലീസ്. 40 ശതമാനത്തിലധികം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കീഴ്‌വായ്‌പൂര് പുളിമല വീട്ടില്‍ ലതാകുമാരി (61) യുടെ നില അതീവഗുരുതരമായി തുടരുന്നു.
അറസ്‌റ്റിലായ പ്രതി കീഴ്‌വായ്‌പൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ സുമയ്യ(35) സുബൈറുമായി ഇന്നലെ പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഒമ്പതിന് വെകിട്ട നാലരയോടെയാണ് സംഭവം.
ഓണ്‍ലൈന്‍ ലോണ്‍, ട്രേഡിങ് ആപ്പുകള്‍ വഴി അരക്കോടിയോളം രൂപയുടെ ബാധ്യത സുമയ്യ വരുത്തി വച്ചിരുന്നു. ഇത് വീട്ടാന്‍ വേണ്ടി അടുത്ത സുഹൃത്തും അയല്‍വാസിയുമായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പണയം വയ്‌ക്കാന്‍ സ്വര്‍ണം ചോദിച്ചു. ഇതൊന്നും കിട്ടാതെ വന്നപ്പോഴാണ് വ്യാഴാഴ്‌ച സുമയ്യ വീട്ടില്‍ അതിക്രമിച്ച് കയറി ലതയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. ലതയുടെ ഭര്‍ത്താവ് രാമന്‍കുട്ടി ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കുകയും ചെയ്‌തു. കുതറി മാറാനുള്ള ശ്രമത്തിനിടെ കത്തി കൊണ്ട് ലതയുടെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. കിടക്കയ്‌ക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് മുറി മുഴുവന്‍ കത്തി നശിച്ചു. ലതയ്‌ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു. നെഞ്ച്, വയര്‍, ഇടുപ്പു ഭാഗം എന്നിവിടങ്ങളിലാണ് പൊള്ളല്‍.
ലതയുടെ മൊഴി പ്രകാരം തുടക്കം മുതല്‍ സുമയ്യയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയിരുന്നത്. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, കീഴ്‌വായ്‌പൂര്‍ എസ്.എച്ച്.ഓ വിപിന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടന്നത്. ആദ്യമൊക്കെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നിന്ന സുമയ്യ പിന്നീട് നടന്ന കാര്യങ്ങള്‍ പറയുകയായിരുന്നു. ഇവരുടെ ഫോണില്‍ നിരവധി ട്രേഡിങ്, വായ്‌പ, ഗേയിമിങ് ആപ്പുകള്‍ കണ്ടെത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഇത് വിശദമായ പരിശോധന നടത്തും.
പ്രതിയുമായി ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തി. ലതാകുമാരിയുടെ വീടിനടുത്തുള്ള പോലീസ് ക്വാട്ടേഴ്‌സിലാണ് സുമയ്യ താമസിച്ചിരുന്നത്. മോഷണംപോയ സ്വര്‍ണ്ണാഭരണങ്ങള്‍ സുമയ്യയുടെ വീട്ടിലെ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കില്‍ നിന്നും പോലീസ് കണ്ടെടുത്തു. ലതാകുമാരി നല്‍കിയ മൊഴിയില്‍ വീടിനു തീപിടിക്കാന്‍ കാരണം സുമയ്യ ആണെന്നു പറഞ്ഞിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ സൗഹൃദത്തിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലതയുടെ യു.കെ. യിലുള്ള ഏകമകള്‍ താരാദ്രൗപതി നാട്ടിലെത്തിയിട്ടുണ്ട്.
ഭവനഭേദനം ,വധശ്രമം, മോഷണം, കുറ്റകൃത്യം മറച്ചുവെയ്‌ക്കല്‍,തീവയ്‌പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.




