Crime

മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്

നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച്‌ യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ്‌ സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു.

ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ജയ്‌പുരിലെ വീട്ടില്‍ വച്ച്‌ റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട്‌ ഇഷികയുടെ കൊലപാതകത്തിലേക്ക്‌ നയിക്കുകയായിരുന്നുവെന്നാണ്‌ വിവരം. തുടര്‍ന്ന്‌ കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട കൊണ്ട്‌ കെട്ടി പ്ലാസ്‌റ്റിക്‌ ബാഗില്‍ ഇട്ടാണ്‌ അലമാരയില്‍ വച്ചത്‌.

അലമാരയില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‌ ശനിയാഴ്‌ച മഹാവീറിന്റെ പിതാവ്‌ അലമാര തുറക്കുകയായിരുന്നു. അലമാരയില്‍ നിന്നും രക്‌തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. റോഷന്‌ ആദ്യ ഭര്‍ത്താവ്‌ രവീന്ദര്‍ ബൈര്‍വയുമായുള്ള ബന്ധത്തില്‍ ജനിച്ച മകളാണ്‌ ഇഷിക. കഴിഞ്ഞ ഏഴു മാസമായി റോഷനും മകളും മഹാവീറിന്‌ ഒപ്പമാണ്‌ താമസിച്ചിരുന്നത്‌.

മഹാവീര്‍ അറസ്‌റ്റിലായെങ്കിലും റോഷനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ തുടരുകയാണ്‌. കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി നിരവധി കേസുകള്‍ കൊടുംക്രിമിനലായ മഹാവീറിന്റെ പേരിലുണ്ട്‌. 2022 ല്‍ കൊലക്കേസില്‍ ജയിലിലായ ഇയാള്‍ ഒരു വര്‍ഷം മുന്‍പാണ്‌ ജാമ്യത്തില്‍ ഇറങ്ങിയത്‌.