Featured Sports

ജേഴ്‌സി ഹോട്ടലിൽ മറന്നു; സിറാജിന്റെ ജഴ്സിയണിഞ്ഞ് ഭാഗ്യം തേടി അഭിഷേക്, പക്ഷേ ക്രീസിൽ വീണ്ടും ‘ഡക്ക്’!

നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മുഹമ്മദ് സിറാജിന്റെ 73-ാം നമ്പർ ജഴ്സിയണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയത് കൗതുകമുണർത്തി. തന്റെ കിറ്റ് ഹോട്ടലിൽ മറന്നുവെച്ചതിനാലാണ് താരം സിറാജിന്റെ ജഴ്സി ഉപയോഗിച്ചതെന്ന് കമന്റേറ്റർമാരായ നാസർ ഹുസൈനും സുനിൽ ഗവാസ്കറും വിശദീകരിച്ചു.

ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജഴ്സി പിന്നീട് ഡ്രസിങ് റൂമിൽ എത്തിച്ചെങ്കിലും കളി തുടങ്ങുന്നതിന് മുൻപ് അഭിഷേകിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മോശം ഫോമിലായിരുന്ന താരം ഭാഗ്യം പരീക്ഷിക്കാൻ മനഃപൂർവം ജഴ്സി മാറ്റിയതാണെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ജഴ്സി മാറിയെങ്കിലും അഭിഷേകിന്റെ നിർഭാഗ്യം തുടരുകയായിരുന്നു. ആര്യൻ ദത്തിന്റെ പന്തിൽ റണ്ണൊന്നുമെടുക്കാതെ താരം പുറത്തായി. ഇതോടെ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന മൂന്നാമത്തെ താരമായും, മുഹമ്മദ് സിറാജിന് ശേഷം ഈ നാണക്കേട് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും അഭിഷേക് മാറി. യുഎസ്എ, പാക്കിസ്ഥാൻ മത്സരങ്ങളിലും താരം റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.

അഭിഷേക് പരാജയപ്പെട്ടെങ്കിലും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ് (31 പന്തിൽ പുറത്താകാതെ 66) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. സൂര്യകുമാർ യാദവ് (34), തിലക് വർമ (31), ഹാർദിക് പാണ്ഡ്യ (30) എന്നിവരുടെ പിന്തുണയോടെ ഇന്ത്യ 194 റൺസെന്ന വലിയ വിജയലക്ഷ്യമാണ് നെതർലൻഡ്‌സിന് മുന്നിൽ വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *