ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തതു വിശദീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യയുടെ മുന്‍ പേസറുമായ അജിത് അഗാര്‍ക്കര്‍.
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ റണ്ണര്‍ അപ്പാക്കി. പഞ്ചാബിനായി 17 കളികളിലായി 50.33 ശരാശരിയില്‍ 604 റണ്ണെടുത്ത അയ്യര്‍ ടോപ് സ്‌കോറര്‍മാരില്‍ ആറാമനായി. 175 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച (39 സിക്‌സറുകള്‍) രണ്ടാമത്തെ താരവും അയ്യരായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് അവസരം നഷ്‌ടമായത് നിര്‍ഭാഗ്യകരമാണ്. അത് അദ്ദേഹത്തിന്റെയും ഞങ്ങളുടെയും തെറ്റല്ല. അദ്ദേഹത്തിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ട്വന്റി20 ടീമില്‍ ഒരുപാട് ഓപ്‌ഷനുകളുണ്ടായിരുന്നു. തെരഞ്ഞെടുക്കാന്‍ എളുപ്പമുള്ള ടീമല്ല. എന്നാല്‍ നല്ലതെന്ന് തോന്നുന്ന തലവേദനയുമാണത്.
അഗാര്‍ക്കറിന്റെ ആദ്യ പ്രതികരണം അതായിരുന്നു. റിസര്‍വ് താരങ്ങളിലും ശ്രേയസ് അയ്യരുടെ പേരുണ്ടായിരുന്നില്ല. 2026 ലെ ട്വന്റി20 ലോകകപ്പിനുള്ള അവസാന ടീം ഇതല്ലെന്നും അഗാര്‍ക്കര്‍ വ്യക്‌തമാക്കി. ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്‌ഥാനത്തിനായി ശ്രേയസ് അയ്യരും തിലക് വര്‍മയും തമ്മിലായിരുന്നു മത്സരമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരേ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നേടിയ സെഞ്ചുറികളും ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്ത മാച്ച് വിന്നിങ് ഇന്നിങ്‌സും തിലകിന് തുണയായി. ട്വന്റി20 റാങ്കിങ്ങില്‍ തിലക് രണ്ടാം സ്‌ഥാനത്തുമാണ്.
സെപ്റ്റംബർ 9 മുതൽ 28 വരെ ദുബായിലും അബുദാബിയിലുമായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. എല്ലാ മത്സരങ്ങൾക്കുമുള്ള വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സ്ഥിരീകരിച്ചിട്ടുണ്ട്.
ടൂർണമെന്റ് ടി20 ഐ ഫോർമാറ്റിൽ നടക്കും, എട്ട് ടീമുകൾ പങ്കെടുക്കും: അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎഇ, ഒമാൻ, ഹോങ്കോംഗ്.
ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഉൾപ്പെടുന്നു, ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവ ഉൾപ്പെടുന്നു.




