Featured Sports

അന്ന്‌ സീറോ, ഇന്ന്‌ ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന്‌ അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്‌.

സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന്‌ 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത്‌ ഇന്ത്യന്‍ വംശജനായ മുത്തുസാമിയും യാന്‍സനും ചേര്‍ന്നാണ്‌. സെഞ്ചുറിയിലേക്ക്‌ കുതിക്കുകയായിരുന്ന യാന്‍സനെ പുറത്താക്കി കുല്‍ദീപ്‌ യാദവാണ്‌ പ്രോട്ടീസ്‌ ഇന്നിങ്‌സ് അവസാനിപ്പിച്ചത്‌.

31 വയസുകാരനായ സെനുരന്‍ മുത്തുസാമിയുടെ എട്ടാം ടെസ്‌റ്റാണിത്‌. ഗുവാഹാത്തിയില്‍ എത്തും മുമ്പ്‌ 89 റണ്ണായിരുന്നു ഉയര്‍ന്ന സ്‌കോര്‍. അഞ്ച്‌ ഏകദിനവും അഞ്ച്‌ ട്വന്റി20 യും മാത്രമാണ്‌ ഇതുവരെ കളിക്കാനായത്‌.

ടെസ്‌റ്റില്‍ 22 വിക്കറ്റും ഏകദിനത്തില്‍ ആറും ട്വന്റി20 യില്‍ അഞ്ചും വിക്കറ്റെടുത്തു. 2019 ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ടെസ്‌റ്റ് അരങ്ങേറ്റം. രണ്ട്‌ ടെസ്‌റ്റുകളിലായി രണ്ട്‌ വിക്കറ്റ്‌ മാത്രമെടുത്ത മുത്തുസാമിയുടെ കരിയര്‍ വളരില്ലെന്ന്‌ അന്ന്‌ ഉറപ്പിച്ചു. ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം ദക്ഷിണാഫ്രിക്കയുടെ പാകിസ്‌താന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചു.

ഒന്നാം ടെസ്‌റ്റില്‍ 11 വിക്കറ്റും 89 റണ്ണുമായി തിളങ്ങി. ടീമില്‍നിന്നു പുറത്തായ സമയത്ത്‌ സ്‌പോര്‍ട്‌സ് ശാസ്‌ത്രഞ്‌ജരായ ചെറില്‍ കാല്‍ഡറിന്റെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചു. ബൗളിങില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കാല്‍ഡറിന്റെ ഉപദേശങ്ങള്‍ക്കായെന്നു മുത്തുസാമി പറഞ്ഞു.