ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തതതോടെ ആരാണ് പവിത്ര ഗൗഡ എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശക്തമായി ഉയരുന്നുണ്ട്. തൂഗുദീപ യുടെ കാമുകി പവിത്ര ഗൗഡയെയും കേസില്‍ പ്രതികളിലൊരാളായി കസ്റ്റഡിയിലെടുത്തതോടെ ആരാധകരുടെ അമ്പരപ്പ്.
ഇന്‍സ്റ്റാഗ്രാം ബയോ പ്രകാരം ഒരു മോഡലും കലാകാരിയുമാണ് പവിത്ര ഗൗഡ. സിനിമാനടി കൂടിയായ നടിക്ക് സൂപ്പര്‍നായികയായി ഉയരാന്‍ കഴിയാതെ പോയി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുള്ള ഈ കന്നഡ നടി ചത്രിഗാലു സാര്‍ ചത്രിഗാലു, ആഗമ്യ, പ്രീതി കിതാബു എന്നീ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ല്‍ 54321 എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
പവിത്ര ഇപ്പോള്‍ ഫാഷന്‍ ഡിസൈനിങ്ങിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍, റെഡ് കാര്‍പെറ്റ് സ്റ്റുഡിയോ 777 എന്ന പേരിലുള്ള തന്റെ ബോട്ടിക് അവര്‍ നിയന്ത്രിക്കുന്നു, പരമ്പരാഗത സാരിയും വസ്ത്രങ്ങളും സൃഷ്ടിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
”ഞങ്ങളുടെ ബന്ധത്തിന്റെ 10 വര്‍ഷം” എന്ന് വിശേഷിപ്പിച്ച് ആഘോഷിക്കുന്ന തന്റെയും ദര്‍ശന്റെയും ചിത്രങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഈ വര്‍ഷമാദ്യം ഗൗഡ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദര്‍ശന്‍ 20 വര്‍ഷമായി വിജയലക്ഷ്മിയുമായി കുടുംബജീവിതത്തില്‍ തുടരുമ്പോഴാണ് പവിത്ര ഗൗഡ നടനുമായുള്ള ബന്ധം പരസ്യപ്പെടുത്തിയത്.
47 കാരനായ നടന്റെ ആരാധകനാണ് ചിത്രദുര്‍ഗയിലെ താമസിക്കുന്ന രേണുകസ്വാമി. പവിത്രാ ഗൗഡയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ രേണുകാ സ്വാമി നേരത്തേ കമന്റിട്ടിരുന്നു. താരം ദര്‍ശനെയും ഭാര്യയെയും തമ്മില്‍ തെറ്റിക്കാന്‍ പവിത്ര ശ്രമിക്കുന്നു എന്നായിരുന്നു ആാേപണം. ഇതിനായി അസഭ്യമായ ഭാഷ ഉപയോഗിക്കുകയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് ദര്‍ശന്റെ രോഷത്തിന് ഇരയായി. രേണുകയ്ക്ക് തക്ക പ്രതിഫലം നല്‍കാന്‍ ദര്‍ശനെ പ്രേരിപ്പിച്ചത് ഗൗഡയായിരുന്നു.
ആരാധകര്‍ ചലഞ്ചിങ് സ്‌റ്റാര്‍ എന്നു വിളിക്കുന്ന നടനാണു ദര്‍ശന്‍. 2002 ല്‍ ‘മജസ്‌റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അനതാരു (2007), ക്രാന്തിവീര സങ്കൊല്ലി രായണ്ണ (2012), കാറ്റേര (2023) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കൊലപാതകത്തില്‍ നടന്‍ നേരിട്ടു പങ്കാളിയാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ദര്‍ശനെ കൂടാതെ ഒമ്പതുപേര്‍ കൂടി കേസില്‍ അറസ്‌റ്റിലായിട്ടുണ്ട്.
അറസ്‌റ്റിനെത്തുടര്‍ന്ന് ബംഗളൂരു ആര്‍.ആര്‍. നഗറിലുള്ള ദര്‍ശന്റെ വസതിക്ക് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസും ജയില്‍ വാസവും തൂഗുദീപയ്‌ക്കു പുത്തരിയല്ല. നേരത്തെ ഭാര്യ വിജയലക്ഷ്‌മി നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ദര്‍ശന്‍ ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ആരാധകരെ മര്‍ദിച്ചതിന്റെ പേരിലും അദ്ദേഹത്തിനെതിരേ പലതവണ കേസെടുത്തിട്ടുണ്ട്. പിന്നീട് കേസുകളില്‍നിന്നു മുക്‌തി നേടുകയായിരുന്നു.