ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു.
2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് വിത്ത് കപില്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ എത്തിയിരുന്നു. സംഭാഷണത്തിനിടയില്‍, ഷോ അവതാരകന്‍ കപില്‍ ശര്‍മ്മ ഒരു തിയേറ്ററില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ കണ്ടതിനെ കുറിച്ച് പറഞ്ഞു. ഷാരൂഖും കജോളും യഥാര്‍ത്ഥ ജീവിതത്തിലെ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് തന്റെ അമ്മ കരുതിയിരുന്നതായും പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി വരുണ്‍ താന്‍ ചിന്തിച്ചുവെച്ചിരുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ താനും അങ്ങനെ തന്നെ ചിന്തിച്ചിരുന്നുവെന്നും. നിങ്ങള്‍ എല്ലാവരും വിവാഹിതരാണെന്നാണ് താന്‍ കരുതിയതെന്നും, താന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി മാഡത്തെ നേരിട്ട് കണ്ടപ്പോഴാണ് യാഥാര്‍ത്ഥ്യം മനസിലായതെന്നും വരുണ്‍ തുറന്നു പറഞ്ഞു. തന്റെ സുഹൃത്തുക്കളോടൊപ്പം കുട്ടിക്കാലത്ത് ഒരു ചാരിറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിയ്ക്കുന്നതിന്റെ ഭാഗമായി ഷാരൂഖിന്റെ വീടായ മന്നത്തില്‍ പോയിരുന്നുവെന്നും. എന്നാല്‍ ഗൗരി ഖാന്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ എന്തോ കുഴപ്പം ഉള്ളതായി തനിക്ക് തോന്നിയിരുന്നവെന്നും വരുണ്‍ രസകരമായി പറഞ്ഞു.
വരുണിന്റെ കഥ കേട്ട് രസിച്ചിരുന്ന ഷാരൂഖ് അപ്പോള്‍ വരുണ്‍ എന്താണ് ഗൗരിയോട് ചോദിയ്ക്കാന്‍ സാധ്യതയുള്ളതെന്നും പറഞ്ഞു. ”നിങ്ങള്‍ ആരാണ്, നിങ്ങള്‍ കജോളിന്റെ വീട്ടില്‍ എന്താണ് ചെയ്യുന്നത് ?- എന്നല്ലേയെന്ന് ഷാരൂഖ് പറഞ്ഞു.” പിന്നീട്, വരുണ്‍ തന്റെ വീട്ടിലേക്ക് മടങ്ങുകയും അമ്മയോട് ഇക്കാര്യം പറയുകയും ചെയ്തു. ഗൗരിയാണ് യഥാര്‍ത്ഥത്തില്‍ ഷാരൂഖിന്റെ ഭാര്യയെന്ന് വരുണ്‍ തന്റെ അമ്മയോട് പറയുകയായിരുന്നു.
ബാസിഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, കരണ്‍ അര്‍ജുന്‍, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാന്‍ തുടങ്ങി നിരവധി ഐതിഹാസിക ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും കജോളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.